പയ്യോളി: ബഹ്റൈനില്‍ എത്തിയ പയ്യോളി സ്വദേശിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് പയ്യോളി സ്വദേശി ബഹ്റൈനില്‍ എത്തിയത്.
വന്ദേഭാരത് മിഷന്റെ ഭാഗമായി ബഹ്റൈനില്‍ നിന്ന് മലയാളികളുമായി കരിപ്പൂരിലെത്തിയ വിമാനത്തിലായിരുന്നു തിരിച്ചുള്ള യാത്ര. ബഹ്റൈനിലേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് വരുന്നതില്‍ വിലക്കുണ്ടായിരുന്നില്ല.
ഇതേതുടര്‍ന്നാണ് പയ്യോളി സ്വദേശി തിരിച്ചു പോയത്. ബഹ്റൈന്‍ വിമാനത്താവളത്തില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.
ജൂണ്‍ രണ്ടിന് ബഹ്റൈന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയയുടന്‍ പരിശോധനക്കായി മൂക്കില്‍ നിന്ന് സ്രവമെടുത്ത ശേഷം ക്വാറന്റൈന് നിരീക്ഷണത്തിനുള്ള ഇലക്ട്രോണിക് ബാന്‍ഡ് കൈയില്‍ ധരിപ്പിച്ചാണ് പയ്യോളി സ്വദേശിയെ പുറത്തേക്ക് വിട്ടത്.
കമ്പനി അക്കമഡേഷനില്‍ ധാരാളം പേര് താമസിക്കുന്നതിനാല്‍ സാമൂഹിക സംഘടന ഏര്‍പ്പെടുത്തിയ ഹൂറയിലെ ക്വാറന്റൈന് അപ്പാർട്ടമെന്റിലാണ് താമസം.
പിറ്റേ ദിവസം തന്നെ പരിശോധനാഫലം പോസിറ്റീവാണെന്ന വിവരം മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്ന് അറിഞ്ഞു. അന്നുതന്നെ ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം പ്രത്യേക വാഹനത്തില്‍ സിത്രയിലെ കൊവിഡ് ചികിത്സാ ക്യാമ്പിലേക്ക് മാറ്റി.
ഈ വിവരം നാട്ടിലെ ഭാര്യയെയും ബഹ്റൈനിലുള്ള ബന്ധുവിനെയും അറിയിക്കുകയായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്‍ കരുതല്‍ നടപടികള്‍ സജീവമാക്കിയത്.
പ്രാഥമിക സമ്പര്‍ക്കത്തിലുളള ഭാര്യയുള്പ്പെടെയുള്ളവരോട് ക്വാറന്റൈനില്‍ പോകാന്‍ ആദ്യം തന്നെ നിര്‍ദ്ദേശിച്ചു.സ്വീകരിക്കേണ്ട മുന്കരുതലുകളള് ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ പയ്യോളി നഗരസഭാ ഹാളില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ യോഗം ചേര്‍ന്നു.
ഫെബ്രുവരിയില്‍ അവധിക്ക് നാട്ടിലെത്തിയ ഇദ്ദേഹം ഏപ്രില്‍ ഏഴിനാണ് മടക്കയാത്രക്കുള്ള ടിക്കറ്റ് എടുത്തിരുന്നത്. ഈ ടിക്കറ്റ് മാറ്റിയെടുക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യാ എക്സ്പ്രസ് ഓഫീസില്‍ മേയ് 25 ന് പോയിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരോഷ്മാവ് മാത്രമാണ് പരിശോധിച്ചത്. വന്ദേഭാരത് മിഷന്റെ ഭാഗമായുളള വിമാനങ്ങളില്‍ നൂറുകണക്കിനാളുകള്‍ ബഹ്റൈനില്‍ എത്തിയിട്ടുണ്ട്.
വിമാനത്താവളത്തിലിറങ്ങുന്ന എല്ലാവരെയും പരിശോധിക്കാറുണ്ടെങ്കിലും ഇതില്‍ എത്ര ഇന്ത്യക്കാര്‍ പോസിറ്റീവ് ആണെന്ന് വിവരം ഔദ്യോഗികമായി ലഭ്യമല്ല.
രോഗബാധിതനായ വ്യക്തി പുറത്തറിയിച്ചതു കൊണ്ടാണ് നാട്ടിലുള്ളവര്‍ക്ക് മുൻകരുതല്‍ സ്വീകരിക്കാന്‍ കഴിഞ്ഞത്. ഇദ്ദേഹം ഇപ്പോഴും നാട്ടിലുള്ള ആരോഗ്യ പ്രവര്‍ത്തകരോട് പൂര്‍ണമായി സഹകരിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.