കൊല്ലം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മയ്യനാട് സ്വദേശി വസന്തകുമാറാണ് (68) മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു.
പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ഏതാനും ദിവസമായി വെന്റിലേറ്ററിലായിരുന്നു.
ന്യൂമോണിയ ബാധിതനായ വസന്തകുമാറിന് ഇന്നലെ രാത്രിയിൽ ഹൃദയാഘാതം സംഭവിച്ചിരുന്നു ഇതേ തുടർന്നാണ് മരണം. വസന്തകുമാറിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നു.
എറണാകുളത്തുനിന്നും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായ മരുന്ന് കഴിഞ്ഞ ദിവസം അടിയന്തരമായി എത്തിച്ചിരുന്നു. എന്നാൽ ഈ ശ്രമങ്ങൾക്കൊന്നും വസന്തകുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. വസന്ത് കുമാറിന്റെ സമാന അവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഒരു കോവിഡ് രോഗി കൂടി ചികിത്സയിലുണ്ടെന്നതും ആശങ്കയാണ്.
കഴിഞ്ഞ 10 ന് ഡൽഹി നിസാമുദ്ദീനിൽനിന്ന് ട്രെയിനിലാണ് വസന്തകുമാർ നാട്ടിലെത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണം പ്രകടിപ്പിച്ചതോടെ 17 ന് കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംസ്ഥാനത്ത് 10 പേർ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടെന്നാണ് വിവരം. ഇതിൽ അഞ്ച് പേരും കോഴിക്കോട് മെഡിക്കൽ കോളജിലാണ് ചികിത്സയിലുള്ളത്.
കോവിഡിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിൽ മരണങ്ങൾ പരമാവധി ഇല്ലാതാക്കാൻ സംസ്ഥാനത്തിന് സാധിച്ചെങ്കിലും മൂന്നാം ഘട്ടത്തിൽ ഇതിന് സാധിക്കുന്നില്ലെന്നതും ആശങ്ക ഉയർത്തുകയാണ്.