പത്തനംതിട്ട: കോവിഡ് 19 സ്ഥിരീകരിച്ച ഖത്തറില്‍ നിന്നെത്തിയ മലയാളിയുടെ സമ്പര്‍ക്കപട്ടികയില്‍ അധികം പേരുണ്ടാകില്ല. കഴിഞ്ഞ 20ന് ഖത്തറില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പത്തനംതിട്ട കൊടുന്തറ സ്വദേശിയായ 42 കാരനാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് 19 നിരീക്ഷണത്തിലേക്കു മാറിയ ആളാണ് ഇദ്ദേഹമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.
ദോഹയില്‍ നിന്ന് കഴിഞ്ഞ 20ന് പുലര്‍ച്ചെ രണ്ടിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഖത്തര്‍ എയര്‍വേയ്സിന്റെ ക്യുആര്‍ 506 വിമാനത്തിലാണ് യുവാവ് എത്തിയത്. 30.സി സീറ്റിലാണ് യാത്ര ചെയ്തത്. പുലര്‍ച്ചെ നാലിന് വെഞ്ഞാറംമൂടിലെ ഒരു റസ്റ്റോറന്റില്‍ നിന്നു ഭക്ഷണം കഴിച്ചിരുന്നു.
ഇദ്ദേഹത്തിനൊപ്പം വിമാനത്തിലുണ്ടായിരുന്ന ഒമ്പത് പത്തനംതിട്ട ജില്ലക്കാരെയും മറ്റു ജില്ലകളില്‍ നിന്നുള്ള എട്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്തില്‍ ഇദ്ദേഹത്തിന്റെ സീറ്റിന് മുന്നിലും പിന്നിലും മലയാളി കുടുംബങ്ങളുണ്ടായിരുന്നതായും ആരോഗ്യവകുപ്പിനെ അറിയിച്ചുണ്ട്.
വീട്ടിലെ സ്വകാര്യവാഹനമാണ് ഇയാള്‍ ഉപയോഗിച്ചത്. ഡ്രൈവറെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നേരില്‍ സമ്പര്‍ക്കമുള്ള 17 പേരെയും രണ്ടാംഘട്ട സമ്പര്‍ക്കത്തില്‍ 20 പേരെയും തിരിച്ചറിഞ്ഞതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇയാള്‍ വീട്ടില്‍ കയറുന്നതിനു മുമ്പുതന്നെ ഭാര്യയെയും കുഞ്ഞിനെയും വീട്ടിൽനിന്ന് മാറ്റി മാതൃകാപരമായ സമീപനം സ്വീകരിച്ചിരുന്നു. തുടര്‍ന്ന് നഗരസഭ വാര്‍ഡ് കൗണ്‍സിലറെ ഫോണില്‍ ബന്ധപ്പെടുകയും ആരോഗ്യവകുപ്പ് ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. ആരോഗ്യവകുപ്പ് ജീവനക്കാര്‍ വീട്ടിലെത്തി ഭക്ഷണം നല്കി.
തുടര്‍ന്ന് ക്വാറന്റൈയിനായി. 21ന് രോഗലക്ഷണങ്ങള്‍ കണ്ടതോടെ ജനറല്‍ ആശുപത്രിയിലെത്തി പരിശോധനയ്ക്കു വിധേയനായി. സ്രവം പരിശോധനയ്ക്കു നല്‍കിയശേഷം ആരോഗ്യവകുപ്പ് തന്നെ വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് ഇന്നലെ ഫലം വന്നപ്പോള്‍ പോസിറ്റീവാണെന്നു കണ്ട് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.
ഇതോടെ പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം പത്തായി. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി ഐത്തല സ്വദേശികളായ മൂന്നംഗ കുടുംബവും അവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ബന്ധുക്കളുമാണ് നേരത്തെ രോഗം സ്ഥിരീകരിച്ച മറ്റ് ഒമ്പതു പേര്. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ഐസൊലേഷനിലാണ്.
ഇവരില്‍ ഇറ്റലിയില്‍ നിന്നെത്തിയ ദമ്പതികളുടെ ഇന്നലെ ലഭിച്ച പരിശോധനാഫലം നെഗറ്റീവാണ്. കഴിഞ്ഞ എട്ടിനുശേഷം ഇവരില്‍ തുടര്‍ച്ചയായി നടത്തിയ സ്രവപരിശോധനയില്‍ ഇതാദ്യമായാണ് നെഗറ്റീവ് ഫലം ലഭിക്കുന്നത്.
ഇനി ഒരുതവണ കൂടി നെഗറ്റീവ് ഫലം ലഭിച്ചെങ്കിലേ രോഗം ഭേദമായതായി പറയാനാകൂവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. വിദേശത്തുനിന്നെത്തി വീടുകളില്‍ നിരീക്ഷണത്തിലാകുന്നവരില് മൂന്നും നാലും പേര് ഓരോദിവസവും രോഗലക്ഷണങ്ങളോടെ ഐസൊലേഷനിലാകുന്നുണ്ട്.
ഇവരില്‍ അധികം ഫലങ്ങളും നെഗറ്റീവാകുന്നത് ആശ്വാസമാണ്. ഇന്നലെ വരെ 4565 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 4191 പേരും വിദേശത്തുനിന്നുള്ളവരാണ്. ആശുപത്രികളില്‍ 16 പേരാണ് ഐസൊലേഷനിലുള്ളത്.