പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടയാള്ക്കും പ്രത്യക്ഷത്തില്‍ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ചിറ്റാര്‍ സ്വദേശിയായ 48കാരനാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 22ന് ദുബായില്‍നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. ദുബായില്‍നിന്നെത്തിയ ആളെന്ന നിലയിലും ഷാര്‍ജയില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയും കണക്കിലെടുത്താണ് സ്രവ പരിശോധനയ്ക്കു വിധേയനാക്കിയത്.
മാര്‍ച്ച് 22നു പുലര്‍ച്ചെ 2.05ന് ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട എഐ 968 -ാം നമ്പര്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇദ്ദേഹം യാത്ര ചെയ്തത്.
ഇതേ വിമാനത്തില്‍ യാത്ര ചെയ്ത മറ്റു ചില യാത്രക്കാര്‍ക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്രവപരിശോധനയെത്തുടര്ന്ന് ഇദ്ദേഹത്തെ പത്തനംതിട്ട ജനറല്‍ ആശുപത്രി ഐസൊലേഷനിലാക്കി. ഇതോടെ പത്തനംതിട്ട ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി. ഇവരില്‍ എട്ടുപേരില്‍ രോഗം ഭേദപ്പെട്ടു.
കഴിഞ്ഞ മാര്‍ച്ച് 10ന് കോവിഡ് സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള 62കാരിയുടെ ഫലം ഇതേവരെയും നെഗറ്റീവായിട്ടില്ല.
റാന്നി ഐത്തലയില്‍ ഇറ്റലിയില്‍നിന്നെത്തിയ കുടുംബവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ വീട്ടമ്മയാണിത്. ഇവരുടെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ഭേദമായി.
അമ്മയ്ക്കു രോഗം ഭേദമാകാത്തതിനാല്‍ യുവതിയും ആശുപത്രിയില്‍ കഴിയുകയാണ്. മറ്റു ശാരീരിക പ്രശ്നങ്ങളില്ലെങ്കിലും ഇവരുടെ ഫലം നെഗറ്റീവാകാന്‍ കാലതാമസമെടുക്കുന്നതു സംബന്ധിച്ച് ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്. സംസ്ഥാനത്തുതന്നെ ഇത്രയധികം കാലയളവില്‍ രോഗബാധയുമായി ചികിത്സയില്‍ മറ്റാരുമില്ല.