കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മറ്റ് ആശുപത്രികളിൽ നിന്നു റഫറൽ അല്ലാത്ത രോഗികൾ ഒപിയിൽ എത്തരുതെന്നും അടിയന്തരമല്ലാത്ത റിവ്യൂ രോഗികൾ ഒപിയിൽ ചികിത്സ തേടുന്നതു കഴിയാവുന്നതും മാർച്ച് 31 വരെ ഒഴിവാക്കണമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഈ സമയങ്ങളിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രമേ നടത്തുകയുള്ളൂ. അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾ ചെയ്യുന്നതിനായി അത്യാഹിത വിഭാഗത്തിലെ ശസ്ത്രക്രിയാ തിയറ്ററിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ടു ഓപ്പറേഷൻ ടേബിളാണ് നിലവിലുള്ളത്.
രാവിലെ എട്ടു മുതൽ വൈകുന്നേരം ആറുവരെ പ്രവർത്തിക്കുവാൻ മൂന്നാമത് ഒരു ടേബിൾ കൂടി ഇന്നു മുതൽ ആരംഭിക്കും. ട്രോമാ ശസ്ത്രക്രിയ തിയറ്ററിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം ആറുവരെ എച്ച്ഡിഎസ് സ്കീമിൽ പ്രവർത്തിക്കുന്ന രണ്ടു ശസ്ത്രക്രിയ ടേബിളുകളുണ്ട്.
അടിയന്തര ശസ്ത്രക്രിയകൾ വേണ്ടിവരുന്ന എല്ലാ ട്രോമാകേസുകളും ചെയ്യുന്നതാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. റ്റി.കെ. ജയകുമാർ അറിയിച്ചു.