ഷാങ്ഹായ്: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബെയ് പ്രവിശ്യയിലാണ് പുതിയതായി 24 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയിൽ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2800 ആയി ഉയർന്നു.
അതേസമയം, ഹൂബെയ്ക്ക് പുറത്ത് മരണങ്ങൾ ഒന്നും പുതുതായി റിപ്പോർട്ട് ചെയ്തിട്ടില്ല. 769 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 461 പേരുടെ നില അതീവഗുരുതരമാണ്. പുതിയതായി രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നതിൽ പകുതിയും ഹൂബെയിൽ നിന്നാണ്.
അതിവേഗം പടരുന്ന വൈറസിനെ തുടർന്ന് ചൈനയിലെ പ്രധാന നഗരങ്ങൾ അടച്ചിരിക്കുകയാണ്. ഷാൻഡോങ്, ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷിയാൻ, ടിയാൻജിൻ തുടങ്ങി സ്ഥലങ്ങളിൾ കടുത്ത യാത്രാനിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനമടക്കം ഒന്നും അനുവദിച്ചിട്ടില്ല. കോടിക്കണക്കിന് ജനങ്ങളെയാണ് നിയന്ത്രണം ബാധിക്കുന്നത്. ചൈനീസ് പുതുവത്സര ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
തെക്കൻ പ്രവിശ്യകളായ ഗുവാങ്ഡോംഗ്, ജിയാങ്സി തുടങ്ങി മറ്റു മൂന്ന് നഗരങ്ങളിൽ ജനങ്ങൾ നിർബന്ധമായും മുഖാവരണം ധരിക്കണമെന്ന് അധികൃതർ കർശനമായ നിർദേശം നൽകിയിട്ടുണ്ട്. വൈറസ് ബാധിച്ച് 14 ദിവസം വരെ രോഗ ലക്ഷണങ്ങളൊന്നും കാണിക്കില്ല എന്നതാണ് കൊറോണ വൈറസിന്റെ പ്രത്യേകത. അതിനാൽ വൈറസ് പടരുന്നത് തടയാൻ ആരോഗ്യവിഭാഗം ക്ലേശിക്കുകയാണ്.
ഹുബെയുടെ തലസ്ഥാനമായ വുഹാനിൽ നിന്നാണ് ഈ വൈറസ് ചൈനയിലും ലോകമെന്പാടും പടർന്നുപിടിച്ചത്. അതേസമയം പടർന്നുപിടിക്കാനുള്ള വൈറസിന്റെ ശേഷി വർധിക്കുന്നതായാണ് ചൈനീസ് അധികൃതർ പറയുന്നത്. ഇത് ശരിയാണെങ്കിൽ സാർസിന് സമാനമായ അവസ്ഥയാണ് ചൈന നേരിട്ടുകൊണ്ടിരിക്കുന്നത്.
രാജ്യം അതീവഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംങ് പറഞ്ഞു.സർക്കാർ വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥറുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു ഷീ ജിൻ പിംങ്. ചികിത്സ വൈകുന്ന ഒരു സാഹചര്യവും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം ഗുരുതര നിലയിലാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഇന്നലെ പറഞ്ഞതോടെ എങ്ങും ആശങ്ക വർധിച്ചിട്ടുണ്ട്.
അമേരിക്കയിൽ കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിയെ ചികിത്സിക്കാൻ റോബട്ടുകളെയാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് അധികൃതർ വ്യക്തമാക്കി. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അനിയന്ത്രിതമായി പടരുന്ന പശ്ചാത്തലത്തിലാണ് റോബട്ടുകളെ ചികിത്സയ്ക്കായി ഉപയോഗിച്ചുതുടങ്ങിയതെന്നും അധികൃതർ വിശദീകരിച്ചു.
മുപ്പതുകാരനായ രോഗി വാഷിംഗ്ടണിലെ എവറെറ്റിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൈന സന്ദർശനത്തിനുശേഷം അമേരിക്കയിലേക്ക് മടങ്ങിയെത്തിയ ഇയാൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു.