കോഴിക്കോട്: കൊറോണ വൈറസ് ബാധ തടയാൻ സംസ്ഥാനം അതീവ ജാഗ്രതപാലിച്ചുവരവെ, ചൈനയിൽനിന്ന് കോഴിക്കോട്ടെത്തി അധികൃതരുടെ കണ്ണുവെട്ടിച്ച് സൗദി അറേബ്യയിലേക്ക് കടന്ന രണ്ടുപേരെ സൗദി സര്‍ക്കാര്‍ തിരിച്ചറിഞ്ഞതായി സൂചന.
രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ 28 ദിവസം വീട്ടിൽനിന്നു പുറത്തിറങ്ങാതെ നിരീക്ഷണത്തിലിരിക്കാൻ അധികൃതർ ബോധവത്കരണം നടത്തുന്നതിനിടയിലാണ് കരിപ്പൂർ വിമാനതാവളത്തിലിറങ്ങിയ രണ്ട് വ്യാപാരികൾ സൗദിയിലേക്ക് കടന്നത്.
ഏത് വിമാനത്താവളം വഴിയാണ് ഇവർ പോയതെന്ന് അറിവായിട്ടില്ല. അതേസമയം ഇവര്‍ സൗദി സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണുള്ളതെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ച സൂചന.
മറ്റിടങ്ങളില്‍ നിന്നെത്തുന്നവരെ കുറിച്ച് വിശദമായി അവിടെ അന്വേഷിക്കുന്നുണ്ട്. അതിനാല്‍ കോഴിക്കോട്ടുകാരായ ഇരുവരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചനയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് ഡോ.വി.ആര്.രാജു പറഞ്ഞു.
സംസ്ഥാന ആരോഗ്യവകുപ്പ് ഇവരെ ബന്ധപ്പെടാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ വിവരങ്ങള്‍ സഹിതം സൗദി സര്‍ക്കാരിന് കൈമാറാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.
ചൈനയിൽനിന്നെത്തിയ ശേഷം കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട തൃശൂരിലെ മെഡിക്കൽ വിദ്യാർഥിനിക്കൊപ്പം വന്ന മൂന്ന് കോഴിക്കോട് ജില്ലക്കാർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവർ വിദ്യാർഥിനിയുടെ സഹപാഠികളാണ്.
കോഴിക്കോട്ട് ചൊവ്വാഴ്ച രാവിലെവരെ 310 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ മൂന്നുപേർ മെഡിക്കൽ കോളജിലും ഒരാൾ ബീച്ച് ആശുപത്രിയിലും ചികിത്സയിലുണ്ട്. ബാക്കി 306 പേർ അവരവരുടെ വീടുകളിൽ 28 ദിവസം നിരീക്ഷണത്തിലാണ് .
ഇവരോട് പുറത്തിറങ്ങാതെ വീടുകളിൽതന്നെ കഴിയണമെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും പലരും പുറത്തിറങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ കൂടുതൽ നിരീക്ഷിക്കാൻ വാർഡ് മെന്പർമാരുടെ നേതൃത്വത്തിൽ ജാഗ്രതാസമിതികൾ പ്രവർത്തിക്കുന്നുണ്ട്.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുമെന്നതിനാൽ ചൈനയിൽനിന്ന് വന്ന എല്ലാവരും ജാഗ്രതാനിർദേശം കർശനമായി പാലിക്കണം. കോഴിക്കോട്ട് വിമാനമിറങ്ങിയ അറുപത് പേരിൽ ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആളെ പലതവണ വിളിച്ചിട്ടും ഫോണെടുക്കുന്നില്ല.
കുറ്റ്യാടി മേഖലയിൽനിന്ന് ഒരു ധ്യാനകേന്ദ്രത്തിലേക്ക് മുങ്ങിയ രണ്ടുപേരെ തിങ്കളാഴ്ച വൈകുന്നേരത്തോടെ അവരവരുടെ വീടുകളിൽ തിരിച്ചെത്തിച്ചിട്ടുണ്ട്. ഹോങ്കോങ്ങ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നു വന്ന വേറെ രണ്ടുപേരുമുണ്ട്.
ചൈനയടക്കം പുറമെ നിന്നു വന്ന പലരും വിവരം രഹസ്യമാക്കിവയ്ക്കുന്നു. ബംഗളൂരു, മംഗളൂരു തുടങ്ങി വിമാനത്താവളങ്ങളിലിറങ്ങി ട്രെയിനിലും ബസിലും മറ്റുമായി നാട്ടിലെത്തുന്നവരുമുണ്ട്. ചിലർ കേരളത്തിലേക്ക് വരാതെ കർണാടകയിൽ തന്നെ തങ്ങുന്നു.
ചൈനയിൽനിന്ന് വന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരെ അറിയിക്കാൻ അയൽവാസികൾ ജാഗരൂകരാകണം. രോഗം മറ്റൊലാളിലേക്ക് പകരാതിരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വ്യക്തിസ്വാതന്ത്ര്യമല്ല മറിച്ച് പൊതുജനാരോഗ്യത്തിനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്നും ഡിഎംഒ പറഞ്ഞു.
ചൈനയിൽനിന്ന് മടങ്ങിയെത്തിയവരുടെ കുടുംബങ്ങളിലെ കുട്ടികൾ സ്കൂളിൽ പോകുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. അവരെ സ്കൂളിൽ അയക്കാമോ, വേണ്ടേ എന്നകാര്യത്തിൽ സർക്കാർ ഉടൻ മാർഗനിർദേശം പുറപ്പെടുവിക്കുമെന്ന്കൊഴിക്കോട് നഗരസഭാ ഓഫീസിൽ വിളിച്ചുചേർത്ത അടിയന്തിര യോഗത്തിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ. ആശാദേവി അറിയിച്ചു.