കൊച്ചി: കെസിബിസി ഫെബ്രുവരി മൂന്ന്, മാര്‍ച്ച് ആറ് തീയതികളില്‍ നല്കിയ നിര്‍ദേശങ്ങളുടെ തുടര്‍ച്ചയായി കൊറോണ പ്രതിരോധിക്കുന്നതിനായി അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ കെസിബിസി ഹെല്‍ത്ത് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പിഒസിയില്‍ ചേര്‍ന്ന സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളില്‍ നിന്നുള്ള വിദഗ്ധസംഘം ചര്‍ച്ച ചെയ്തു.
പ്രസ്തുത യോഗത്തിന്റെ പശ്ചാത്തലത്തില്‍ കത്തോലിക്കാ ഇടവകകളിലും സ്ഥാപനങ്ങളിലും ഈ മാസം 31 വരെ പാലിക്കേണ്ട നിര്‍ദേശങ്ങള്‍
പൊതു നിര്‍ദേശങ്ങള്‍
പരീക്ഷയ്ക്കു പോകുന്ന കുട്ടികള്‍ കൂട്ടം കൂടി നില്ക്കാതെയും പരീക്ഷ കഴിഞ്ഞാല്‍ എത്രയും വേഗം വീട്ടില്‍ എത്താനും ശ്രദ്ധിക്കുക. കുടിവെള്ളം കൊണ്ടുവന്ന കുപ്പികള്‍, ഗ്ലാസുകള്‍, സ്കെയില്‍, റബർ, പേന തുടങ്ങിയവ കുട്ടികള്‍ തമ്മില്‍ കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കുക.
പനി, ശ്വാസതടസം, മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കുക.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായും മുഖവും മൂടുക. തൂവാല ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ കൈമുട്ടുകള്‍ മടക്കി വായ് മൂടേണ്ടതാണ്. കൈപ്പത്തി കൊണ്ടു മുഖവും, വായും മൂടുന്നത് പ്രയോജനകരമല്ല.
രോഗലക്ഷണമുള്ളവര്‍ മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കുക. അവരെ പരിചരിക്കുന്നവരും നിര്‍ബന്ധമായും മാസ്ക് ധരിക്കുക.
കരള്‍ വൃക്ക, ശ്വാസകോശം എന്നിവ സംബന്ധമായി രോഗമുള്ളവരും ഹൃദ്രോഗികള്‍, പ്രമേഹരോഗികള്‍ എന്നിവരും പൊതുപരിപാടികളിലേക്കും പള്ളിയിലേക്കുമുള്ള സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുക. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും കഴിയുന്നത്ര പൊതുപരിപാടികള്‍ ഒഴിവാക്കുക.
അണുനാശിനികള്‍ ഉപയോഗിച്ച് മുറികളും മുറിയിലെ വസ്തുക്കളും അണുവിമുക്തമാക്കുക.
നനവുള്ളതും ഈര്‍പ്പമുള്ളതുമായ പ്രതലങ്ങളില്‍ വൈറസിനു അനുകൂല സാഹചര്യം ആയതിനാല്‍, അത്തരം സ്ഥലങ്ങളുമായി സമ്പര്‍ക്കം ഒഴിവാക്കുക.
കോവിഡ് 19 ബാധിത രാജ്യങ്ങളില്‍നിന്നും യാത്രാചരിത്രമുള്ളവര്‍ അല്ലെങ്കില്‍ അത്തരം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള വ്യക്തികള്‍, നിശ്ചിതസമയം നിരീക്ഷണത്തില്‍ തുടരുകയും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുകയും ചെയ്യുക.
തിരക്കുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കുകയും പൊതു സമ്മേളനങ്ങള്‍, വിവാഹ ആഘോഷങ്ങള്‍ സിനിമാശാലകള്‍, വിനോദയാത്രകള്‍ മുതലായവ ഒഴിവാക്കുകയും ചെയ്യുക.
നേര്‍ച്ചസദ്യ പൊതു ഭക്ഷണ പരിപാടികള്‍, പൊതുഇടങ്ങളില്‍ നിന്നുള്ള ഭക്ഷണം എന്നിവ കഴിയുന്നത്ര ഒഴിവാക്കുക.അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക.
പൊതുഇടങ്ങളിലെ ഹാന്‍ഡ് റെയിലുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ഭിത്തികള്‍ തുടങ്ങിയവയില്‍ കഴിയുന്നിടത്തോളം തൊടരുത്. ഈ സ്ഥലങ്ങളില്‍ സ്പര്‍ശിക്കാനിടയായാല്‍ അതിനുശേഷം കൈ കഴുകുക.
ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്ഷേക്ക് പോലുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക.
സ്വന്തം മുഖം, മൂക്ക്, കണ്ണുകള്‍, എന്നിവ ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കുക.
ഇടക്കിടയ്ക്കു കൈകള്‍ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ വൃത്തിയാക്കുക. പൊതുഇടങ്ങളിലെ ടവ്വലുകള്‍ ഒഴിവാക്കുക.
യാത്രകള്‍ പരമാവധി നിയന്ത്രിക്കുകയും കഴിയുന്നതും പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.
ദേവാലയങ്ങളിലും കുടുംബങ്ങളിലും
പാലിക്കേണ്ട പ്രത്യേക നിര്‍ദേശങ്ങള്‍ ആരാധനാലയങ്ങളില്‍ തിരുസ്വരൂപങ്ങളില് തൊട്ടുമുത്തുകയോ ചുംബിക്കുകയോ ചെയ്യുന്ന പ്രവണത ഒഴിവാക്കുക.
ദേവാലയങ്ങളിലുള്പ്പെടെ ആളുകള്‍ കൂട്ടം ചേരുന്നത് പരമാവധി കുറയ്ക്കുക
തിരുനാളുകള്‍ തീര്ഥാടനങ്ങള്, കണ്‍വന്‍ഷനുകള്‍ എന്നിവ മാറ്റിവയ്ക്കുയോ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കഴിയും വിധം പരിപാടികളില്‍ മാറ്റം വരുത്തുകയോ ചെയ്യുക.
പള്ളി സന്ദര്‍ശന വേളയില്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നുമുള്ള വ്യക്തികളില്‍ നിന്നും ഒരു കൈ അകലം എങ്കിലും പാലിക്കാന്‍ ശ്രദ്ധിക്കുക.
മൃതദേഹങ്ങളിലുള്ള ചുംബനങ്ങള്‍ ഒഴിവാക്കുക.
വ്യക്തിപരമായ പ്രാര്‍ത്ഥനകളിലും കുടുംബപ്രാര്‍ഥനയിലും ഇടവകയില്‍ ക്രമീകരിക്കുന്ന ആരാധന ശുശ്രൂഷകളിലും പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള വിടുതലിനും പ്രത്യേകസംരക്ഷണത്തിനുമായി പ്രാര്‍ത്ഥിക്കുകയും പരിശുദ്ധ മാതാവിന്റെയും മറ്റു വിശുദ്ധരുടെയും സംരക്ഷണം അപേക്ഷിക്കുകയും ചെയ്യുക.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഗവൺമെന്റ് നടത്തിവരുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ എല്ലാ കത്തോലിക്കാ സ്ഥാപനങ്ങളെയും വിശ്വാസികളെയും കെസിബിസി ആഹ്വാനം ചെയ്തു.കെസിബിസി ഹെല്‍ത്ത് കമ്മീഷന് സെക്രട്ടറി ഫാ. സൈമണ്‍ പള്ളുപ്പെട്ട, പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, പ്രമുഖ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവര്‍ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ചും വിശദീകരിച്ചു.