യോക്കോഹാമ: ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലിലെ 10 യാത്രക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.
ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിലെ യാത്രക്കാർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കപ്പലിൽ യാത്രക്കാരും ജീവനക്കാരുമടക്കം 3700 പേരാണുള്ളത്. ഇതിൽ 273 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്.
മറ്റുള്ളവരെക്കൂടി പരിശോധിക്കുന്നതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വർധിക്കാൻ ഇടയുണ്ട്. കപ്പലിലെ എൺപതുകാരനായ ഹോങ്കോംഗുകാരന്‍ കൊറോണ സ്ഥിരീകരിച്ചതോടെയാണ് മറ്റുള്ളവരെക്കൂടി പരിശോധനയ്ക്കു വിധേയമാക്കിയത്.
അമ്പതുവയസിനു മുകളിലുള്ളവർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കപ്പലിലുളളരെ ഇതുവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല.
ചൈനയിൽ മരണം 490, രോഗംബാധിച്ചത് 24,324 പേർക്ക്
ബെയ്ജിംഗ്: കൊറോണ വൈറസ് രോഗബാധ നിയന്ത്രിക്കാനുള്ള ബെയ്ജിംഗ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കു വെല്ലുവിളി ഉയർത്തി മരണസംഖ്യ ദിനംപ്രതി കൂടുന്നു.
കൊറോണ ബാധമൂലമുള്ള മരണം 490 ആണ്. 3884 പേർക്ക് പുതുതായി രോഗം പിടിപെട്ടു. 24324 പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ രോഗം പടരുന്നതു തടയാനായി ചൈനയുടെ സ്പെഷൽ അഡ്മിനിസ്ട്രേറ്റീവ് റീജനായ മക്കാവുവിലെ കാസിനോകൾ രണ്ടാഴ്ചത്തേക്ക് അടയ്ക്കാൻ ഉത്തരവിട്ടു.
ലോക ചൂതാട്ടകേന്ദ്രമെന്നറിയപ്പെടുന്ന മക്കാവുവിൽ പത്തുപേർക്കു രോഗം സ്ഥിരീകരിച്ചു. ലാസ് വേഗസിന്റെ ഏഴിരട്ടി ബിസിനസ് നടക്കുന്ന മക്കാവുവിലെ കാസിനോകൾ അടച്ചത് സാന്പത്തിക പ്രതിസന്ധിക്കിടയാക്കും.
ഇതിനിടെ രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ട വുഹാനിൽ കൂടുതൽ ആശുപത്രികൾ തയാറാക്കുന്ന തിരക്കിലാണ് അധികൃതർ. ആയിരം കിടക്കകളുള്ള ഒരു ആശുപത്രി ഒന്‍പതു ദിവസത്തിനകം ഇവിടെ പണിതീർത്തത് കഴിഞ്ഞദിവസം പ്രവർത്തനസജ്ജമായി. 1300 കിടക്കകളുള്ള മറ്റൊരു ആശുപത്രി ബുധനാഴ്ച പൂർത്തിയാവും.
വുഹാനിൽ എട്ട് മൊബൈൽ കാബിൻ ഹോസ്പിറ്റലുകൾ കൂടി തുറക്കുമെന്ന് ചൈനാ ഡെയ്ലി അറിയിച്ചു. വുഹാനിലെ നാഷണൽ ഓഡിറ്റോറിയവും ജിംനേഷ്യവും താത്കാലിക ആശുപത്രികളാക്കി മാറ്റിയിരിക്കുകയാണ്. ചൈനയിലെ മറ്റൊരു സ്വയംഭരണ മേഖലയായ ഹോങ്കോംഗിൽ ആദ്യത്തെ കൊറോണ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.