മലപ്പുറം: കോവിഡ് രോഗഭീതി വർധിക്കുന്നതിനിടയിലും സബ് രജിസ്ട്രാർ ഓഫീസുകളിൽ തിരക്ക് വർധിക്കുന്നത് ജീവനക്കാരെ ആശങ്കയിലാക്കുന്നു.
ഏപ്രിൽ ഒന്നു മുതൽ ഭൂമിയുടെ ഫെയർവാല്യൂ വർധനവ് നിലവിൽ വരുന്നതിനാൽ കൊറോണ ഭീതിക്കിടയിലും രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്റ്റർ ചെയ്യുന്നതിനു ക്രമാതീതമായ തിരക്കാണ് അനുഭവപ്പെട്ടുവരുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ലൈഫ് മിഷൻ വഴിയുള്ള ഭവന പദ്ധതിക്കുള്ള സ്ഥലം രജിസ്ട്രേഷനും മാർച്ച് മാസം തന്നെ പൂർത്തിയാക്കേണ്ടതിനാൽ ആധാരങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്.
മാർച്ച് അവസാനമാകുന്നതോടെ ഇത് ക്രമാതീതമായി വർധിക്കാനും സാധ്യതയുണ്ട്. കൊവിഡ് 19 മുൻകരുതലുകളുടെ ഭാഗമായി മറ്റ് ഓഫീസുകളിൽ പഞ്ചിംഗ് പോലുള്ള വിരലടയാള സംവിധാനങ്ങൾ നിർത്തലാക്കിയെങ്കിലും സബ് രജിസ്ട്രാർ ഓഫീസിൽ ആധാരങ്ങളിൽ വിരൽ പതിപ്പിക്കുന്നത് തടയാനാകില്ല.
ഇത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്ക ജീവനക്കാർക്കുണ്ട്. സർക്കാർ നിർദേശാനുസരണമുള്ള നടപടികൾ ഓഫീസുകളിൽ സ്വീകരിച്ചിട്ടുണ്ടെങ്കിലും വർധിച്ചുവരുന്ന തിരക്ക് ജീവനക്കാരുടെ ഭീതി വർധിപ്പിക്കുന്നു.
ഈ സാഹചര്യത്തിൽ ഫെയർവാല്യു വർദ്ധനവ് നടപ്പിൽ വരുത്തുന്നത് നീട്ടിവെക്കുകയോ, ടോക്കണ്‍ എണ്ണം നിയന്ത്രിക്കുകയോ ചെയ്യണമെന്ന് ജീവനക്കാരുടെ സംഘടനയായ കേരള രജിസ്ട്രേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്ന് സംസ്ഥാന പ്രസിഡന്റ് പി.ജി ദിലീപൻ, ജനറൽ സെക്രട്ടറി ടി അരുണ്‍കുമാർ എ്ന്നിവർ ആവശ്യപ്പെട്ടു.