കോഴിക്കോട്: കൊറോണ ഭീതി നിലനില്‍ക്കുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് സൈബര്‍ ലോകവും. ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ നവമാധ്യമങ്ങളിലൂടെ കൊറോണയ്ക്കെതിരായ സന്ദേശങ്ങളും ബോധവത്ക്കരണവും കൃത്യമായി നടക്കുകയാണ്.
വിവിധ സന്നദ്ധ സംഘടനകളുടേയും സര്‍ക്കാര്‍ വകുപ്പുകളുടേയും നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കാവശ്യമായ എല്ലാ വിവരങ്ങളും നവമാധ്യമങ്ങളിലൂടെ നല്കുന്നു.
എങ്ങനെ പ്രതിരോധിക്കാം, രോഗത്തിന്റെ നിലവിലെ സ്ഥിതി, ഒപ്പം കൊറോണയുമായി ബന്ധപ്പെട്ട ഏത് സംശയങ്ങള്‍ക്കും വിളിക്കുന്നതിനായുള്ള ഫോണ്‍ നമ്പറുകള്‍ , പ്രധാന ആശുപത്രികളിലെ നോഡല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെടാനുള്ള സൗകര്യം, രോഗ ബാധിതരുടെ റൂട്ട് മാപ്പ്, പ്രധാന അറിയിപ്പുകള് തുടങ്ങിയവയെല്ലാം തന്നെ ജനങ്ങളിലേക്ക് എത്തുന്നു. ഇവയെല്ലാം നിമിഷ നേരം കൊണ്ടാണ് ജനങ്ങള്‍ ഏറ്റെടുക്കുന്നത്.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ബോധവത്ക്കരണവും അറിയിപ്പുകളുമായി സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ‘ഭീതി വേണ്ട ജാഗ്രത മതി’യെന്ന പേരില്‍ നിരവധി സന്ദേശങ്ങളാണ് വ്യാപമായി പ്രചരിക്കുന്നത്.
എല്ലാവര്ക്കും സുപരിചിതമായതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതിലൂടെ വളരെ പെട്ടന്ന് തന്നെ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നു.
പ്രളയമുണ്ടായ സമയങ്ങളില്‍ വിവരങ്ങള്‍ കൈമാറാനും രക്ഷാപ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയായും നവമാധ്യമങ്ങള്‍ മുന്നിലുണ്ടായിരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുകളും പൊലീസിന്റെ ഫേസ്ബുക്ക് പേജ് വഴി പ്രചരിപ്പിക്കുന്നുണ്ട്.
ഓരോ പുതിയ വിവരങ്ങളും വളരെ കൃത്യമായി തന്നെ ഫേസ്ബുക്ക് പേജ് വഴി ആരോഗ്യവകുപ്പ് നല്‍കുന്നുമുണ്ട്. ചിത്രങ്ങളായും വീഡിയോകളായും അവ ജനങ്ങളിലേക്ക് എത്തുന്നു.
ആരോഗ്യമന്ത്രിയുടെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലുടെയും വിവരങ്ങള്‍ എത്തുന്നുണ്ട്.
കൊറോണ ബാധിതരെ സഹായിക്കുന്നതിനും ബോധവല്‍കരണത്തിനുമായി സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറാണെന്നറിയിച്ച് ഡ്രൈവര്‍മാര്‍ , നഴ്സുമാര്‍, വിവിധ സന്നദ്ധസംഘടനകള്‍ , എന്നിങ്ങനെ നിരവധി പേരാണ് ഫേസ്ബുക്ക് പേജിലൂടെ സഹായഹസ്തവുമായി എത്തിയത്.