ബെയ്ജിങ്: കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈന സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരുന്നു. ഇന്നലെ രോഗം ബാധിച്ചവർ ഏഴ് പേർ മാത്രം.
ചൊവ്വാഴ്ച 15 പേർക്കായിരുന്നു പുതിയതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കുറഞ്ഞതോടെ വുഹാനിലെ 16 താത്കാലിക ആശുപത്രികളും അടച്ചു.
രാജ്യത്തു മൊത്തം രോഗം ബാധിതർ 80,793 പേരാണ് ഇതിൽ 62,793 പേർ രോഗമുക്തരായി. 3169 പേർ കോവിഡ് ബാധിച്ചു മരിച്ചു. 11 പേരാണ് ഇന്നലെ ചൈനയിൽ രോഗം ബാധിച്ച് മരിച്ചത്.
ആപ്പിളിന്റെ ചൈനയിലെ 42 റീടെയ്ൽ ഷോപ്പുകളിലെ 90 ശതമാനവും തുറന്നു. കൊറോണ ഭീതിയെത്തുടർന്ന് പൂട്ടിയ സ്റ്റോറുകൾ, ഷോപ്പുകൾ, ഫാക്ടറികൾ എന്നിവ വീണ്ടും പ്രവർത്തനമാരംഭിച്ചു.
കൊറോണ വൈറസ് പടർന്നതിനെത്തുടർന്ന് ചൈന നേരിട്ടിരുന്ന പ്രതിസന്ധികൾ ഒഴിയുന്നതായാണ് ഇതിൽ നിന്നും ലഭിക്കുന്ന സൂചന.
ചൈനയിലെ നാല് ആപ്പിൾ സ്റ്റോറുകൾ മാത്രമാണ് ഇനി തുറക്കാനുള്ളത്. ജനുവരിയിലാണ് കൊറോണ ഭീതിയെ തുടർന്ന് എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടുമെന്ന് ആപ്പിൾ അറിയിച്ചത്.
ആപ്പിൾ സിഇഒ ടിം കുക്കിന്റെ പ്രസ്താവനയെത്തുടർന്നാണ് ഷോപ്പുകൾ വീണ്ടും പ്രവർത്തനമാരംഭിച്ചത്. ചൈനയിലെ സ്മാർട് ഫോണ് വിൽപ്പനയെ കൊറോണ പ്രതിസന്ധിയിലാക്കുമെന്നു നേരത്തെ റിപ്പോർട്ടുകളും വന്നിരുന്നു.
എന്നാൽ, കൊറോണ വൈറസ് ബാധ വിപണിയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. 1,21,517 പേർക്കാണ് ഇതുവരെ ലോകത്താകമാനം കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
4,383 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടത്. വൈറസ് ബാധിച്ച 66,941 പേരാണ് രോഗവിമുക്തരായിട്ടുള്ളത്.
യാത്രാ വിലക്ക് ഏർപ്പെടുത്തി അമേരിക്ക
വാഷിംഗ്ടണ്: കൊറോണ വൈറസിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി അമേരിക്ക. 30 ദിവസത്തേക്കാണ് യാത്രാ വിലക്ക്.
യൂറോപ്പിലേക്കും യൂറോപ്പിൽനിന്ന് അമേരിക്കയിലേക്കുമാണ് വിലക്കെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചു. കോവിഡ്-19 വ്യാപകമായി പടരുന്ന പശ്ചാത്തലത്തിലാണ് യുഎസിന്റെ തീരുമാനം.
യാത്ര വിലക്കിൽ നിന്ന് ബ്രിട്ടനെ ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. യുഎസിൽ കൊറോണ ബാധിച്ച് 38 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,135 പേർക്ക് വൈറസ് ബാധിക്കുകയും ചെയ്തു.
റോം: ഇറ്റലിയിൽ കൊറോണ ബാധിച്ച് ഇന്നലെ മാത്രം 196 പേർ മരിച്ചു. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 827 ആയി. 12,000 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കൊറോണ ബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇറ്റലിയിലെ മുഴുവൻ കടകളും അടച്ചു. ഭക്ഷണ സംഭരണ ശാലകളും ഫാർമസികളും ഒഴികെയുള്ള മുഴുവൻ കടകളും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടയ്ക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ബാറുകളും ഭക്ഷണശാലകളും തുടങ്ങി എല്ലാ കടകളും അടയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് പ്രസിഡന്റ് ഗിസെപ്പ് കോണ്ടെ അറിയിച്ചു.
അതേസമയം, ഹോം ഡെലിവറി അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഇറ്റലിയിൽ കൊറോണ വ്യാപിക്കുന്നതിന്റെ അളവ് കുറഞ്ഞിട്ടില്ലെന്നും പ്രസിഡന്റ് അറിയിച്ചു.
ഇറ്റലിയിലെ സ്കൂളുകളും ജിമ്മുകളും മ്യൂസിയങ്ങളും നിശാ ക്ലബുകളുമെല്ലാം ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്.
ഇറ്റലിയിലേക്കുള്ള വിമാന സർവീസുകൾ എയർഇന്ത്യ നിർത്തുന്നു
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഇറ്റലിയിലേക്കുള്ള വിമാന സർവീസുകൾ എയർഇന്ത്യ നിർത്തലാക്കുന്നു. ഈ മാസം 15 മുതൽ 28 വരെയുള്ള വിമാന സർവീസുകളാണ് നിർത്തിയത്. ദക്ഷിണകൊറിയയിലേക്കുള്ള സർവീസും നിർത്തലാക്കിയിട്ടുണ്ട്.
ഇറ്റലിയിലെ റോമും മിലാനും തെക്കൻ കൊറിയയിലെ സിയോൾ എന്നിവിടങ്ങളിലേക്കുമുള്ള സർവീസുകളാണ് നിർത്തലാക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.
റോമിലേക്ക് 15 മുതൽ 25 വരെയും മിലാൻ, സിയോൾ എന്നിവിടങ്ങളിലേക്ക് 28 വരെയുമാണ് സർവീസ് റദ്ദാക്കിയത്.
ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും കൊറോണ
സിഡ്നി: ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ റിത വിൽസണും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ടോം ഹാങ്ക്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് തങ്ങൾ ഇരുവർക്കും കൊറോണ വൈറസ് ബാധിച്ചെന്ന വിവരം അദ്ദേഹം പങ്കുവച്ചത്.
പനി ബാധിച്ചതിനേത്തുടർന്ന് ഓസ്ട്രേലിയയിലെ ആശുപത്രിയിൽ എത്തി പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ടോമുണ്ടായിരുന്ന ഒരു പാർട്ടിയിൽ ഫുട്ബോൾ താരം റോണാൾഡോയും പങ്കെടുത്തതായി സൂചനയുണ്ട്.