പത്തനംതിട്ട: ലോക്ക്ഡൗണ്‍ കാലയളവ് കേരളത്തിലെ നിരവധി കുടുംബങ്ങള്‍ക്കു സമ്മാനിച്ച വേദനകള്‍ക്കു തീവ്രതയേറെ.
പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാനാകാതെ അന്ത്യചുംബനം നല്കാനാകാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര അയയ്ക്കപ്പെടുന്നതിന്റെ വേദന കോവിഡ് കാലത്തിന്റെ നേർക്കാഴ്ചയാണ്.
വിദേശനാടുകളില്‍ കോവിഡിനു മാത്രം കീഴടങ്ങിയത് എഴുപതിലധികം മലയാളികളാണ്. ഇതിലേറെപ്പേരും യുഎസിലും ഗള്‍ഫ് നാടുകളിലുമാണ്. ഗള്‍ഫ് നാടുകളില്‍ 44 മലയാളികള്‍ മരിച്ചു. കോവിഡ് ബാധിച്ചു മരിച്ചവരെ അതതു സ്ഥലങ്ങളില്‍തന്നെ സംസ്കരിക്കുകയായിരുന്നു.
വിദേശത്തു പ്രത്യേകിച്ചു ഗള്‍ഫില്‍ മരിച്ചവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ നാട്ടിലാണെങ്കിലും മൃതദേഹം ഇവിടേക്ക് എത്തിക്കുന്നത് ആലോചിക്കാന്‍ പോലുമാകുമായിരുന്നില്ല.
ഗള്‍ഫിലും യുഎസിലും ബ്രിട്ടനിലും ഇതര രാജ്യങ്ങളിലും ഒക്കെ ഉണ്ടായിരുന്ന ബന്ധുക്കള്‍ക്കു പോലും അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനായിട്ടില്ല. പങ്കെടുത്തവര്ക്കാകട്ടെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു അന്ത്യചുംബനം നല്കി യാത്ര അയയ്ക്കാന്‍ കഴിയാത്ത സ്ഥിതി.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ലോകത്തിലാകമാനം സംസ്കാരചടങ്ങുകള്‍ ഇതേരീതിയിലാണെന്ന് ആശ്വസിക്കുമ്പോഴും നാട്ടില്‍ വാര്‍ധക്യവും അസുഖം മൂലവുമൊക്കെ മരിക്കുന്ന പ്രിയപ്പെട്ടവരെ യാത്ര അയയ്ക്കാന്‍ എത്താത്ത മനോവ്യഥ കടിച്ചമര്‍ത്തുകയാണ് മറ്റൊരു കൂട്ടര്.
വിദേശത്തു കോവിഡ് ഒഴികെയുള്ള കാരണങ്ങളാല്‍ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു മാത്രമാണ് നേരിയ ആശ്വാസം. അപ്പോഴും ഉറ്റവരായി വിദേശത്തുള്ളവര്‍ക്കു മൃതദേഹത്തെ അനുഗമിക്കാന്‍ അനുമതിയില്ല.
ലോക്ക്ഡൗണിനു മുമ്പേതന്നെ വ്യോമഗതാഗതം നിലച്ചതോടെ വിദേശത്തുനിന്നു കേരളത്തിലേക്കുള്ള യാത്ര നിലച്ചു. മാര്‍ച്ച് 23 മുതല്‍ കേരളത്തില്‍ മരിച്ച നിരവധിയാളുകളുടെ ബന്ധുക്കള്‍ക്കു വിദേശത്തു നിന്നോ രാജ്യത്തിന്റെ ഇതരഭാഗങ്ങളില്നിന്നോ എത്താനായില്ല.
മാതാപിതാക്കള്‍ക്ക് അന്ത്യയാത്ര ചൊല്ലാനാകാതെ മക്കളും ഭാര്യയെ കാണാനാകാത്ത ഭര്‍ത്താവും മക്കളെ കാണാനാകാത്ത മാതാപിതാക്കളും തുടങ്ങി വേദനകള്‍ അനുഭവിച്ചു കഴിയുന്നവരേറെയാണ്. മക്കള്‍ എത്താന്‍ കഴിയാതെ വന്നപ്പോള്‍ അകന്ന ബന്ധുക്കള്‍ അന്ത്യകര്‍മങ്ങള്‍ നടത്തേണ്ടി വരുന്നു.
സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളില്‍നിന്ന് എത്തുന്നവര്‍ക്കു പോലും മരണവീടുകളില്‍ കയറാന്‍ അനുവാദമില്ല. ഉറ്റബന്ധുക്കളാണെങ്കില് പോലും ദൂരെനിന്നു യാത്ര അയയ്ക്കേണ്ടിവരുന്നു.
കോവിഡ് കാലയളവില്‍ നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളില്‍ നടന്ന മരണങ്ങളുമായി ബന്ധപ്പെട്ട മൃതദേഹങ്ങള്‍ ദിവസങ്ങളോളം മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരുന്നു. ഇപ്പോഴുണ്ടാകുന്ന മറ്റ് മരണങ്ങളില്‍ മൃതദേഹം മോര്‍ച്ചറിയില്‍ അധിക ദിവസം വയ്ക്കാറില്ല.
വിദേശത്തും രാജ്യത്തെ ഇതരസംസ്ഥാനങ്ങളിലുമുള്ളവരെ ഉടനെ എത്തിക്കാനാകുമെന്ന പ്രതീക്ഷയില്ലാത്തതിനാല്‍ നാട്ടിലുള്ളവര്‍ ചേർന്നു സംസ്കരിക്കുകയാണ് പതിവ്. ചടങ്ങുകളില്‍ നാട്ടില്‍ പങ്കെടുക്കുന്നവരും കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതായി വരുന്നു.
ബിജു കുര്യന്