സിജോ പൈനാടത്ത്
ഇറ്റലിയിൽ കോവിഡ് 19ൽ നിന്നു മോചിതനായ 93കാരനെക്കുറിച്ചു കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച വിശേഷം ഇങ്ങനെ:
രോഗത്തിൽ നിന്നു അത്ഭുതകരമായാണ് അദ്ദേഹം മോചിതനായത്. ആശുപത്രി വിടും മുന്പ് ഒരു ദിവസം വെന്റിലേറ്റർ ഉപയോഗിച്ചതിനു ബിൽ അടയ്ക്കാൻ അദ്ദേഹത്തോട് അധികൃതർ ആവശ്യപ്പെട്ടു.
വൃദ്ധനായ ആ മനുഷ്യന്റെ കണ്ണിൽ നിന്നു കണ്ണീർ പൊഴിയാൻ തുടങ്ങി. സമീപത്തു നിന്ന ഡോക്ടർമാരും നഴ്സുമാരും ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു:
’ബില്ലിനെക്കുറിച്ച് ഓർത്തു കരയേണ്ട, അങ്ങേയ്ക്കു അതു സാധ്യമല്ലെങ്കിൽ ഞങ്ങൾ അടച്ചുകൊള്ളാം.’
വിതുന്പിക്കൊണ്ട് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. ’ബിൽ അടയ്ക്കാനുള്ള തുക ഓർത്തല്ല ഞാൻ കരയുന്നത്; മുഴുവൻ തുകയും അടയ്ക്കാൻ എനിക്കു കഴിയും.
കഴിഞ്ഞ 93 വർഷങ്ങളായി ദൈവം തന്ന വായു ശ്വസിക്കുന്ന മനുഷ്യനാണു ഞാൻ. പക്ഷേ, ഇതുവരെ ഞാനതിന് ഒന്നും തിരിച്ചുനൽകിയിട്ടില്ല. അതോർത്താണ് ഞാൻ കരയുന്നത്.
ഒരു ദിവസം ആശുപത്രിയിലെ വെന്റിലേറ്റർ ഉപയോഗിക്കാൻ ഏതാനും യൂറോ മാത്രമാണു ചെലവ്. അപ്പോൾ ദൈവത്തോടു ഞാൻ എത്രമാത്രം കടപ്പെട്ടിരിക്കുന്നു? ഞാൻ ഇതുവരെ അതിനു എന്റെ ദൈവത്തോടു നന്ദി പറഞ്ഞിട്ടില്ല.’
ആ വൃദ്ധന്റെ വാക്കുകൾ അവിടെ കൂടിനിന്നിരുന്ന എല്ലാവരുടെയും കണ്ണു നനയിച്ചു….
കൊറോണക്കാലത്തു നാടിനും നാട്ടുകാർക്കുമായി തീക്ഷ്ണതയോടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചവരെല്ലാം തന്നെ ഒരർഥത്തിൽ ദൈവീക നിയോഗം ഏറ്റെടുത്തവരാണ്.
സ്വന്തം സുരക്ഷിതത്വം പോലും പരിഗണിക്കാതെ നാടിന്റെ രക്ഷയ്ക്കുവേണ്ടി സേവനം ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ഭരണകർത്താക്കൾ, ജനപ്രതിനിധികൾ, നിയമപാലകർ, മാധ്യമപ്രവർത്തകർ… അങ്ങനെ എത്രയോ പേർ.
നന്ദി ചൊല്ലി തീർക്കാൻ ഈ ജീവിതം പോരാ…
അഭിമാനത്തോടും ആദരവോടും കൂടി ഓർക്കുന്ന ആ മുഖങ്ങൾക്കു മലയാളിയുടെ ഹൃദയത്തിലാണ് ഇടം. ജീവന്റെ കാവൽമാലാഖമാരായ ഇവർക്ക് ആദരവും നന്ദിയും അറിയിക്കാൻ ദീപിക ഈ പേജ് സമർപ്പിക്കുന്നു.