സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് വ്യാപന തോത് കുറക്കുന്നതിനായി അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
പ്രവേശനം ഓഫീസ് ജീവനക്കാർക്കും സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ കോടതികളിൽ കേസിനായി വരുന്ന അഭിഭാഷകർക്കും വക്കീൽ ഗുമസ്തൻമാർക്കും വളരെ അനിവാര്യമായി ഓഫീസുകൾ സന്ദർശിക്കേണ്ടി വരുന്ന പൊതുജനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തി.
തിരിച്ചറിയൽ രേഖയും പ്രവേശന പാസും കാണിച്ച് താഴത്തെ നിലയിലെ പ്രധാന പ്രവേശന കവാടത്തിലെ ഹെൽപ് ഡെസ്കിൽ ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ സന്ദർശകരെ സിവിൽ സ്റ്റേഷനകത്ത് പ്രവേശിപ്പിക്കൂ. കെട്ടിടത്തിനകത്ത് കച്ചവടക്കാരെയോ മറ്റ് അനധികൃത സന്ദർശകരെയോ അനുവദിക്കില്ല.
സിവിൽ സ്റ്റേഷനിലെ ജില്ലാ ലോട്ടറി ഓഫീസ്, ലോട്ടറി ക്ഷേമ ഓഫീസ്, ആർ.ടി. ഓഫീസ് എന്നിവയ്ക്കായി പ്രത്യേകം ഹെൽപ് ഡെസ്കും മറ്റുള്ള ഓഫീസുകൾക്കായി പൊതു ഹെൽപ് ഡെസ്കുകളും പ്രവർത്തിക്കും.
ഇവ രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും.പ്രവേശന കവാടത്തിലെ ഹെൽപ് ഡെസ്കുകളുടെ നോഡൽ ഓഫീസറായി ഹുസൂർ ശിരസ്തദാറെ നിയമിച്ചു. ഹെൽപ് ഡെസ്കുകൾക്ക് അസി. നോഡൽ ഓഫീസർ, ചാർജ് ഓഫീസർമാർ എന്നിവരേയും നിയമിച്ചു.
ഹെൽപ് ഡെസ്കുകളുടെ പ്രവർത്തനത്തിനായി സ്കൂൾ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും ചുമതല നൽകി ജില്ലാ കളക്ടർ ഉത്തരവിട്ടു.