
വടകര: വാഹനത്തിൽ പോവുകയായിരുന്ന വിദേശികളെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ നാട്ടുകാർ വടകരയിൽ തടഞ്ഞുവെച്ചു.
സ്വിറ്റ്സർലാന്റുകാരായ ദന്പതികളെയാണ് ബുധനാഴ്ച വൈകുന്നേരം നാട്ടുകാർ തടഞ്ഞതും അധികൃതർ ദേഹ പരിശോധന നടത്തിയതും. കണ്ട്രോൾ റൂം സിഐ പി.എം.മനോജ്, എസ്ഐ കെ.എ.ഷറഫുദീൻ എന്നിവർ സ്ഥലത്തെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
ഇതിനിടെ മുനിസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.ബാബുരാജിന്റെ നേതൃത്വത്തിലെത്തിയ ആരോഗ്യ പ്രവർത്തകർ വിദേശികളെ പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നു കണ്ട് ഇവരെ വിട്ടയക്കുകയായിരുന്നു.
സ്വിറ്റ്സർലൻഡുകാരായ റാഫേൽ, ഭാര്യ നാദിയ എന്നിവരാണ് പ്രത്യേക വാഹനത്തിൽ ഗോവൻ യാത്രക്കിടയിൽ വടകരയിൽ പരിശോധനക്കു വിധേയരായത്.
വിനോദ സഞ്ചാരത്തിന് രണ്ടു മാസം മുന്പ് ഇന്ത്യയിൽ എത്തിയ ഇവർ ഇതാദ്യമായാണ് കൊറോണ പരിശോധനയ്ക്കു വിധേയരാകുന്നതെന്നു പറഞ്ഞു.
ആലപ്പുഴയിൽ നിന്നു ഗോവയിലേക്കു പോവുകയായിരുന്നു ഇവർ. ട്രാഫിക് ജംഗ്ഷനിൽ വാഹനത്തിൽ ഇവരെ കണ്ട ഹോം ഗാർഡാണ് ആദ്യം ഇടപെട്ടതും പോലീസുദ്യോഗസ്ഥരെയും ആരോഗ്യവകുപ്പിനെയും അറിയിച്ചതും.
കൊറോണ ഭീതിയുള്ളതിനാൽ ആളുകൾ നിശ്ചിത അകലം പാലിച്ചാണ് ഇടപെട്ടത്.