വാഷിംഗ്ടണ്‍ ഡിസി: കൊറോണ വൈറസിനെതിരായ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് വിജയിച്ചതായി അമേരിക്കൻ സ്ഥാപനം. മസാച്യുസെറ്റ്സിലെ ബയോടെക്നോളജി കന്പനിയായ മോഡേണയാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.
തിങ്കളാഴ്ച മനുഷ്യരിൽ നടത്തിയ ആദ്യഘട്ട പരീക്ഷണത്തിന്റെ പ്രാഥമികഫലങ്ങൾ അനുകൂലവും പ്രതീക്ഷ നൽകുന്നതുമാണെന്നാണ് മോഡേണയുടെ വാദം.
ഇതേത്തുടർന്ന്, വാക്സിൻ എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തുന്നതിനായി ജൂലൈയിൽ മനുഷ്യരിൽ വലിയ തോതിൽ ക്ലിനിക്കൽ പരീക്ഷണത്തിന് തയ്യാറെടുക്കയാണ് കന്പനിയെന്നാണ് റിപ്പോർട്ട്.
ആദ്യഘട്ടത്തിൽ 45 പേരിലാണ് വാക്സിൻ പരീക്ഷിച്ചത്. ഇവരിൽ എട്ടുപേരുടെ ഫലമാണ് പുറത്തുവിട്ടത്. ഒന്നരമാസത്തെ നിരീക്ഷണത്തിനൊടുവിൽ എട്ടുപേരിലും വൈറസിനെതിരെ പോരാടുന്ന ആന്റിബോഡികളുടെ തോത് വർധിച്ചതായും ആരോഗ്യനില മെച്ചപ്പെട്ടതായും കണ്ടെത്തി.
കോവിഡ് മുക്തരാകുന്ന രോഗികളിൽ കാണപ്പെടുന്ന ആന്റിബോഡിയുടേതിന് ഒപ്പമോ അതിനേക്കാളേറെയോ ഇവരിൽ ദൃശ്യമായതായാണ് കന്പനിയുടെ അവകാശവാദം.