പത്തനംതിട്ട: കൊറോണ വൈറസ് ബാധ ഭീഷണിയായ പശ്ചാത്തലത്തിൽ സൗദിയിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളികളായ നഴ്സുമാർ നിരീക്ഷണത്തിൽ. സൗദിയിലെ അൽ ഹയത് നാഷണൽ ആശുപത്രിയിലെ നഴ്സായ ഫിലിപ്പീൻ സ്വദേശിക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നതായി പറയുന്നു.
ഇവരെ ചികിത്സിച്ച മലയാളികളായ നഴ്സുമാരെയാണ് ആശുപത്രിയുടെ നിരീക്ഷണ വാർഡിലേക്കു പ്രവേശിപ്പിച്ചത്. ഏറ്റുമാനൂർ, കറുകച്ചാൽ, പത്തനംതിട്ട, കോന്നി സ്വദേശികളായ നഴ്സുമാർ ഇക്കൂട്ടത്തിൽ ഉണ്ട്. എന്നാൽ ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
വിഷയം ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് ആന്േറാ ആന്റണി എംപി പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സൗദി ആശുപത്രിയിൽ രോഗബാധിതയായി എത്തിയതായി പറയുന്ന ആളെ ചികിത്സിച്ച നഴ്സുമാരെ നിരീക്ഷണവിധേയമായി പ്രത്യേക വാർഡിലേക്ക് മാറ്റിയിട്ടേയുള്ളൂവെന്നും എംപി പറഞ്ഞു.
സൗദി ആശുപത്രിയുമായി ബന്ധപ്പെട്ടു വിശദവിവരങ്ങൾ ആരാഞ്ഞുവരികയാണ്. വൈറസ് ബാധ ഭയന്ന് ആശുപത്രിയിലേക്ക് മറ്റു ജീവനക്കാർ കഴിഞ്ഞദിവസങ്ങളിൽ ജോലിക്കെത്തിയിരുന്നില്ലെന്ന് പറയുന്നു.
കൊറോണ സ്ഥിരീകരിച്ച നഴ്സിനെ ആശുപത്രിയിലേക്ക് മാറ്റി
കോട്ടയം: സൗദിയിൽ ജോലി ചെയ്യുന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച നഴ്സിനെ സൗദിയിലെ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലേക്കു മാറ്റി. കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയായ നഴ്സിന്റെ കുടുംബാംഗങ്ങളെയും വിവരം ധരിപ്പിച്ചിട്ടുണ്ട്.
സൗദിയിലെ സ്വകാര്യ ആശുപത്രിയായ അൽ ഹയത് നാഷണലിലെ നഴ്സാണ് ഇവർ. ഇതേ ആശുപത്രിയിലെ തന്നെ ഫിലിപ്പീൻ സ്വദേശിയായ നഴ്സിനും കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ട്. ആദ്യം രോഗം പിടിപെട്ടത് ഫിലിപ്പീൻ സ്വദേശിക്കായിരുന്നു. ഇവരെ ചികിൽസിക്കുന്നതിനിടയിലാണ് മലയാളി നഴ്സിനും രോഗം പിടിപെട്ടത്.
സംഭവം എംബസി അധികൃതരെ അറിയിച്ചിട്ടും ആവശ്യമായ നടപടി ഉണ്ടായില്ലെന്നും പരാതിയുണ്ട്. അൽ ഹയത് നാഷണൽ ആശുപത്രിയിൽ തന്നെ കഴിഞ്ഞിരുന്ന ഇവരെ ഇന്നലെയാണ് മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ ആശുപത്രിയിലേക്കു മാറ്റിയത്. വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് ജോലിക്കായി എത്താത അവസ്ഥയാണ്്.