ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 425 ആയി. 24 മണിക്കൂറിനിടെ 64 പേരാണ് വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചത്.
20,400 പേർക്കു രോഗബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച കൊറോണ മൂലം 64 പേരാണ് മരിച്ചത്. വുഹാനിൽ മാത്രം 48 പേർ മരിച്ചു. 24 രാജ്യങ്ങളിലേക്കു വൈറസ് രോഗം പടർന്നിട്ടുണ്ടെന്നു കരുതപ്പെടുന്നു.
വൈറസ് പടരുന്നതു തടയുന്നതു സംബന്ധിച്ച് ബെയ്ജിംഗ് നൽകിയ നിർദേശങ്ങൾ പാലിക്കാത്ത പ്രാദേശിക ഉദ്യോഗസ്ഥർ കഠിന ശിക്ഷ നേരിടേണ്ടിവരുമെന്നു പ്രസിഡൻറ് ഷി ചിൻപിംഗ് മുന്നറിയിപ്പു നൽകിയിരുന്നു.
ചൈനയ്ക്ക് പുറത്ത് ഹോങ്കോങിൽ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തു. ഞായാറാഴ്ച ഫിലിപ്പീൻസിൽ കൊറോണ ബാധിച്ച് ചൈനീസ് പൗരൻ മരിച്ചിരുന്നു.
മരിച്ച ഹോങ്കോങ് സ്വദേശി ജനുവരി 21ന് വുഹാൻ നഗരത്തിലേക്ക് യാത്ര ചെയ്തിരുന്നു. രണ്ടു ദിവസം വുഹാനിൽ തങ്ങിയ ശേഷമാണ് തിരിച്ചെത്തിയത്. പിന്നീട് രോഗലക്ഷണങ്ങളെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഗതാഗതം, ടൂറിസം, ഹോട്ടലുകൾ, തിയേറ്ററുകൾ, വിനോദ മേഖല തുടങ്ങി ബിസിനസിൻറെ മിക്ക മേഖലകളും സ്തംഭനത്തിലേക്കു നീങ്ങുകയാണ്.
എന്നാൽ ചൈനീസ് സന്പദ് വ്യവസ്ഥയ്ക്കുണ്ടായ ആഘാതം താത്കാലികമാണെന്ന് ദേശീയ വികസന ഡെപ്യൂട്ടി ഡയറക്ടർ ലിയാൻ വെയ്ലംഗ് പറഞ്ഞു. കൊറോണ വൈറസ് ബാധയെക്കുറിച്ച് അമേരിക്ക പരിഭ്രാന്തി പരത്തുകയാണെന്നു ചൈനീസ് സർക്കാർ ആരോപിച്ചു.