സ്വന്തം ലേഖകൻ
തൃശൂർ: കൊറോണ വൈറസ് പടർന്നുപിടിച്ച സ്ഥലങ്ങളിൽ നിന്നും കേരളത്തിലെത്തിയവരിൽ കൂടുതൽപേർ തീവ്രനിരീക്ഷണത്തിൽ.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച തൃശൂർ സ്വദേശിനിയെ ഇന്നു രാവിലെ ആറിന് ജനറൽ ആശുപത്രിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.
നിരീക്ഷണത്തിലുള്ളവർക്ക് പനിയോ തൊണ്ടവേദനയോ ശ്വാസംമുട്ടലോ ഉണ്ടെങ്കിൽ, അല്ലെങ്കിൽ ഇവയുടെ ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ അടിയന്തരമായി വിവരം അറിയിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ ആവർത്തിച്ചാവർത്തിച്ച് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ചൈനയിൽനിന്നു വരുന്നവർ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തിൽ ഇന്നുരാവിലെ മുതൽ വിവിധ യോഗങ്ങൾ തൃശൂരിൽ നടക്കും. സ്വകാര്യ ആശുപത്രികൾ, ഐഎംഎ എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കും. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം തൃശൂരിൽ ക്യാന്പു ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
കൂടുതൽ മലയാളികൾ നിരീക്ഷണത്തിൽ
രോഗം സ്ഥിരീകരിച്ച മെഡിക്കൽ വിദ്യാർഥിനി ചൈനയിൽ താമസിച്ചിരുന്ന ഹോസ്റ്റലിൽ നിരവധി മലയാളികൾ ഉണ്ടായിരുന്നു. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇവരും നിരീക്ഷണത്തിലാണ്.
കൊറോണയാണെന്ന്
അറിയാൻ വൈകും
സാധാരണ പനിയുടെ അതേ ലക്ഷണങ്ങളോടെയാണ് കൊറോണ വൈറസിന്റെ വ്യാപനമെന്നതിനാൽ പനിയോ ജലദോഷമോ തൊണ്ടവേദനയോ ശ്വാസംമുട്ടലോ ഉള്ളവർ സ്വയം ചികിത്സ നടത്താതെ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണം.
കൊറോണ വൈറസിന് മരുന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്തതിനാൽ ഈ വൈറസ് മൂലമുണ്ടാകുന്ന പനിയും ശ്വാസതടസവും തൊണ്ടവേദനയുമടക്കമുള്ള അസുഖങ്ങൾ മാറ്റാനും പ്രതിരോധിക്കാനുമുള്ള ആന്റി വൈറൽ മരുന്നുകളാണ് ഇപ്പോൾ നൽകുന്നത്.
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രമേ മരുന്നുകൾ കഴിക്കാവൂ എന്നതിനാൽ ചെറിയ പനിയാണെങ്കിലും നിർബന്ധമായും ഡോക്ടറെ കാണുക.
ചൈനയിൽനിന്നു വന്നവർ പുറത്തിറങ്ങല്ലേ…
കൊറോണ വൈറസ് പടർന്നുപിടിച്ച സ്ഥലങ്ങളിൽനിന്നു കേരളത്തിലെത്തിയവർ ദയവു ചെയ്ത് 28 ദിവസം പുറത്തിറങ്ങരുത്. രോഗമുണ്ടെങ്കിൽ ഈ 28 ദിവസത്തിനകം അറിയാം. രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കാനാണ് ഇവരോട് വീടുകളിൽ തന്നെ കഴിയാൻ നിർദ്ദേശിക്കുന്നത്.
എന്നാൽ പലരും ഇത് അനുസരിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നിരവധിയാളുകൾ ഒത്തുചേരുന്ന ചടങ്ങുകളിൽ പോലും ചൈനയിൽ നിന്ന് അടുത്തിടെയെത്തിയ ഒരാൾ പങ്കെടുത്തിരുന്നതായി സൂചനയുണ്ട്.
(