ജനീവ: രോഗബാധിതരുടെ എണ്ണത്തിലെയും മരണസംഖ്യയിലെയും കുറവ് ആഘോഷിക്കാൻ സമയമായിട്ടില്ലെന്നു യൂറോപ്പിനു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
രോഗത്തിന്റെ രണ്ടാം വരവിനെ നേരിടാൻ ഏതു സമയത്തും കരുതിയിരിക്കണമെന്നും സംഘടനയുടെ യൂറോപ്യൻ ഡയറക്ടർ ഡോ. ഹാൻസ് ക്ളൂഗെ അഭിപ്രായപ്പെട്ടു. പനിക്കാലമാണ് വരാൻ പോകുന്നത്.
ഇതുമായി ബന്ധപ്പെട്ടു കൊറോണവൈറസ് വ്യാപനം വർധിപ്പിക്കാനുള്ള സാധ്യത ആശങ്കാ ജനകമാണ്. അങ്ങനെയൊരു സാധ്യത മുന്നിൽ കണ്ടുള്ള തയാറെടുപ്പ് ഉടൻ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രക്തത്തിന്റെ കരുതൽ ശേഖരം കുറഞ്ഞു
കൊറോണ പ്രതിസന്ധി കാരണം ജർമനിയിലെ രക്തശേഖരം വളരെ കുറയുന്നതായി കണക്കുകൾ.ബാഡൻവുർട്ടെംബർഗ്, ഹെസ്സൻ എന്നീ സംസ്ഥാനങ്ങളിൽ പ്രാദേശിക റെഡ് ക്രോസിന് ഒരു ദിവസം മുഴുവൻ ആശുപത്രി പ്രവർത്തനങ്ങൾക്കു മതിയായ കരുതൽ ശേഖരമില്ലെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ബർലിൻ, ഹാംബുർഗ്, സാക്സോണി, ബ്രാൻഡൻബർഗ് എന്നിവിടങ്ങളിലും രക്തത്തിന്റെ കരുതൽ ശേഖരം വളരെ കുറവാണ്.
അതേസമയം, രോഗവ്യാപനം തുടങ്ങിയതു മുതൽ ഇതുവരെ ജർമനിയിൽ 20,400 ആരോഗ്യ പ്രവർത്തകർക്കു കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ബർലിനിലെ റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക്.
രാജ്യത്തെ ആകെ രോഗബാധിതരുടെ പതിനൊന്നു ശതമാനം വരും ഇവരുടെ എണ്ണം. മതിയായ സുരക്ഷാ ഉപകരണങ്ങൾക്ക് ചിലേടങ്ങളിൽ ഇപ്പോഴും ക്ഷാമം നേരിടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
ബെർഗാമോ വിമാനത്താവളം തുറന്നു
മിലാൻ: ഇറ്റലി ബെർഗാമോ ഒറിയോ അൽ സെരിയോ വിമാനത്താവളം യാത്രക്കാർക്കായി വീണ്ടും തുറന്നു. ബൾഗേറിയയിൽനിന്ന് അതിരാവലെ പറന്ന് ബെർഗാമോയിൽ ഇറങ്ങിയ ആദ്യത്തെ വിമാനക്കന്പനിയായി വിസെയർ മാറിയെന്നു വാർത്താ ഏജൻസി അൻസ റിപ്പോർട്ട് ചെയ്യുന്നു.
ഇറ്റലിയിലെ കൊറോണ വൈറസ് ലോക്ക്ഡൗണ്‍ സമയത്തു വടക്കൻ ഇറ്റാലിയൻ വിമാനത്താവളം മിലാൻ ബെർഗാമോ, കാരവാജിയോ ഇന്റർനാഷണൽ എന്നിവ അടച്ചിരുന്നു.
രണ്ടു മാസത്തിലേറെ നീണ്ട കോവിഡിനു ശേഷം ഇറ്റലി സന്പദ് വ്യവസ്ഥ പുനരാരംഭിക്കുന്നതിൽ പ്രധാന നടപടി സ്വീകരിച്ചതോടെ മേയ് 18ന് വിമാനത്താവളം വീണ്ടും തുറന്നത്. ബെർഗാമോ ഒറിയോ അൽ സെറിയോ ഇറ്റലിയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ്.
സ്പെയിൻ ലോക്ക്ഡൗണ്‍ നീട്ടിയേക്കും
മാഡ്രിഡ്: പുതിയ കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണെങ്കിലും അടിയന്തരാവസ്ഥ രണ്ടാഴ്ച കൂടി നീട്ടാൻ സ്പെയിനിൽ സർക്കാർ പാർലമെന്റിന്റെ അനുമതി തേടും. നിലവിലെ അടിയന്തരാവസ്ഥ മേയ് 23ന് അവസാനിക്കും. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഒരു മാസത്തോളം കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മരണം കെയർ ഹോമുകളിൽ
സ്വിറ്റ്സർലൻഡിൽ കോവിഡ് ബാധിച്ചു മരിച്ചവരിൽ പകുതിയിലധികം പേരും നഴ്സിംഗ് ഹോമുകളിൽ താമസിക്കുന്നവർ. രാജ്യത്തെ 1,891 മരണങ്ങളിൽ 53 ശതമാനവും നഴ്സിംഗ് ഹോമുകളിൽനിന്നാണെന്ന് ഒരു ദിനപത്രം നടത്തിയ സർവേ വ്യക്തമാക്കുന്നു. സൂറിച്ചിൽ മൊത്തം 127 മരണങ്ങളിൽ 81 എണ്ണം നഴ്സിംഗ് ഹോം ജീവനക്കാരാണ് 64 ശതമാനം.
ജോസ് കുന്പിളുവേലിൽ