ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനിൽ മലയാളി വിദ്യാർത്ഥികകളടക്കം 25 ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നു. പെണ്‍കുട്ടികളടക്കം 20 മലയാളി വിദ്യാർത്ഥികളാണ് നാട്ടിൽ എത്താനാകാതെ സർവകലാശാലയിൽ കഴിയുന്നതെന്ന് ദേശിയ ദിനപത്രമായ ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കോഴ്സ് പൂർത്തിയാക്കി ഇന്റേണ്‍ഷിപ്പിനായി സർവകലാശാലയിൽ തുടരുന്ന മെഡിക്കൽ വിദ്യാർഥികളാണ് ചൈനയിൽ കുടുങ്ങിയത്. ചില വിദ്യാർത്ഥികൾ നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ പ്രദേശത്ത് രോഗം പടർന്നതോടെ ബാക്കിയുള്ളവർക്ക് സർവകലാശാല നിയന്ത്രണം കൊണ്ടു വന്നു. ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമാണെന്നും പേടിച്ചാണ് കഴിയുന്നതെന്നും വിദ്യർത്ഥികൾ പറഞ്ഞു.
കൊറോണ വൈറസ് പടർന്ന വുഹാൻ നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ എല്ലാം നിർത്തിയിരിക്കുകയാണ്. അതിനാൽ എപ്പോൾ നാട്ടിലേക്ക് മടങ്ങാനാവുമെന്നുപോലും അറിയില്ല. അതിവേഗം പടരുന്ന കൊറോണ വൈറസ് നിയന്ത്രണവിധേയമാക്കാൻ ചൈന അഞ്ചുനഗരങ്ങൾ പൂർണമായി അടച്ചു. വൈറസ് ആദ്യം റിപ്പോർട്ടുചെയ്ത വുഹാനു പിന്നാലെ ഹുബൈ പ്രവിശ്യയിലെ ഹുവാങ്ഗാങ്, ഇജൗ, ഷിജിയാങ്, ക്വിയാൻ ജിയാങ് എന്നിവയാണ് അനിശ്ചിതകാലത്തേക്ക് അടച്ചത്.
വുഹാൻ നഗരത്തിലേക്കും നഗരവാസികൾ പുറത്തേക്കും യാത്രചെയ്യുന്നത് ബുധനാഴ്ച നിരോധിച്ചിരുന്നു.നഗരങ്ങളിൽ വിമാനം, ബസ്, ട്രെയിൻ, ഫെറി എന്നിവയുൾപ്പെടെയുള്ള പൊതുഗതാഗതസംവിധാനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ ഇന്നലെ ഉത്തരവിട്ടു.
നഗരം അടച്ച വാർത്ത പുറത്തുവന്നതോടെ നഗരവാസികൾ കൂട്ടത്തോടെ റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളങ്ങളിലേക്കുമെത്തിയതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. ’പ്രത്യേക കാരണ’മില്ലാതെ പ്രദേശം വിടരുതെന്ന് അധികൃതർ കർശനനിർദേശം നൽകി.