കൽപ്പറ്റ: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ കണ്ട്രോൾ റൂം തുറന്നു. ജില്ലയിൽ മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ സജീകരിച്ചിട്ടുള്ളത്.
പൊതുജനങ്ങൾക്ക് ഏത് സമയവും കണ്ട്രോൾ റൂമിൽ നിന്നും സഹായം ആവശ്യപ്പെടാം. ജില്ലയിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിൽ 42 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവർക്കാർക്കും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വിദേശ രാജ്യങ്ങളുമായി സന്പർക്കം പുലർത്തിയവരാണിവർ. ഇതിനിടയിൽ ജില്ലയിലെ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി.
വിദേശത്ത് നിന്നും ജില്ലയിൽ എത്തുന്നവരെ നിരീക്ഷിക്കാൻ പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടികൾ ആരോഗ്യ വകുപ്പ് ഏകോപിപ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ളയുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ കളക്ടറേറ്റിൽ അവലോകനം ചെയ്തു.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന പഠനയാത്രകൾക്ക് 14 വരെ നിയന്ത്രണം ഏർപ്പെടുത്തിയതായും ജില്ലാ കളക്ടർ അറിയിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം വിവിധ പ്രചാരണ പരിപാടികൾ നടത്തും.
ജില്ലയിലെ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള മുഴുവൻ ആശുപത്രി ജീവനക്കാർക്കും സുരക്ഷ മുൻകരുതലുകൾ നൽകുവാനും ജില്ലാ കളക്ടർ നിർദേശം നൽകി.
ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവത്കരണ വീഡിയോ പ്രദർശിപ്പിക്കുന്നുമുണ്ട്.
ആശുപത്രികളിൽ രോഗികളെ സന്ദർശിക്കുന്നവർ ആരോഗ്യ വകുപ്പിന്റെ സുരക്ഷ മുൻകരുതലുകൾ പാലിക്കണം. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാവണം.
ഇവർ 28 ദിവസം വീടിനുള്ളിൽ തന്നെ കഴിയേണ്ടതാണെന്നും പൊതുജനങ്ങൾക്ക് ആരോഗ്യ വകുപ്പ് നിർദേശം നൽകി. അതിർത്തികളിൽ വാഹന പരിശോധന നടത്തുന്പോൾ ഉദ്യോഗസ്ഥർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.
ഹോട്ടൽ, ഹോംസ്റ്റേ, റിസോർട്ട് അധികൃതർ വിനോദ സഞ്ചാരികളുടെ യാത്രാ വിവരം അന്വോഷിച്ച് വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയതായി ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യ കേന്ദ്രങ്ങൾ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ അറിയിക്കണമെന്നും ദുരന്ത നിവാരണ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
സബ് കളക്ടർ വികൽപ് ഭരദ്വാജ്, ഡെപ്യൂട്ടി കളക്ടർ കെ. അജീഷ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ബി. അഭിലാഷ്, മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് കെ.എം നൂന മർജ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കണ്ട്രോൾ റൂം നന്പറുകൾ-കൽപ്പറ്റ: 04936 206606, മാനന്തവാടി: 04935 240390.