ആലുവ, കോതമംഗലം: ആലുവ കീഴ്മാട് പഞ്ചായത്തിലെ കുട്ടമശേരിയില്‍ വളയിടീല്‍ ചടങ്ങില്‍ പങ്കെടുത്തവർക്കു കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു.
ചടങ്ങില്‍ പങ്കെടുത്ത നിര്‍മാണ കരാറുകാരനും ഭാര്യയ്ക്കും മകനും രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നു മറ്റുള്ളവർക്കു സ്രവ പരിശോധന നടത്തുകയായിരുന്നു.
16 പേരില്‍ നടത്തിയ പരിശോധനയിൽ 12 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിനു പുറമേ ചടങ്ങില്‍ പങ്കെടുത്ത നേര്യമംഗലം സ്വദേശിയായ മുപ്പത്തെട്ടുകാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കീഴ്മാട് 60 പേരുടെ സ്രവം കൂടി ഇന്നലെ പരിശോധനയ്ക്കു ശേഖരിച്ചു. കഴിഞ്ഞ 27നായിരുന്നു കല്യാണ നിശ്ചയം. കീഴ്മാട് ഗ്രാമ പഞ്ചായത്ത് മുഴുവന്‍ കണ്ടെയ്മെന്റ് സോണാക്കി.
കടകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുന്നു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങുന്നില്ല. നേര്യമംഗലത്തു രോഗം സ്ഥിരീകരിച്ച യുവാവിനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇയാള്‍ക്കൊപ്പം കല്യാണ നിശ്ചയത്തില്‍ പങ്കെടുത്ത ഏഴു പേര് ഉള്‍പ്പെടെ നേര്യമംഗലത്തെ 26 പേര് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ നിരീക്ഷണത്തിലുണ്ട്.
ഇവരില്‍ രണ്ടു പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. മറ്റ് അഞ്ചു പേരുടെ സ്രവപരിശോധന ഉടന്‍ നടത്തും. രോഗി നേരിട്ടു സന്ദര്‍ശിച്ച നേര്യമംഗലത്തെ സ്വകാര്യ ക്ലിനിക്കും പലചരക്ക് വ്യാപാര സ്ഥാപനവും ആരോഗ്യ വകുപ്പ് പൂട്ടിച്ചു.
ക്ലിനിക്കിലെ മുഴുവന്‍ ജീവനക്കാരും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇവരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അണുവിമുക്തമാക്കിയശേഷം നാളെ മുതല്‍ പലചരക്ക് വ്യാപാരസ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
രോഗി പൈമറ്റത്തെ ബന്ധുവീട് സന്ദര്‍ശിച്ചതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ വീട്ടുകാരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആന്റണി ജോണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നു.