നെടുങ്കണ്ടം: പത്തനംതിട്ടയിൽ ബന്ധുവിന്റെ സംസ്കാര ചടങ്ങിനുപോയ ഗൃഹനാഥന് കോവിഡ് 19 രോഗം ബാധിച്ചെന്ന് വ്യാജപ്രചാരണം നടത്തി ഒറ്റപ്പെടുത്തുന്നതായി പരാതി.
നെടുങ്കണ്ടം പഞ്ചായത്തിലെ കല്ലുമേൽകല്ല് സ്വദേശിയായ ഗൃഹനാഥനാണ് തനിക്കെതിരേ വ്യാജപ്രചാരണം നടത്തുന്നതായി കളക്ടറേറ്റിലെ ഹെൽപ് ലൈൻ നന്പരിൽ വിളിച്ച് പരാതിപ്പെട്ടത്.
സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ കളക്ടർ നിർദേശംനൽകി.
കഴിഞ്ഞ മൂന്നിനാണ് പത്തനംതിട്ട കോന്നി അരുവാപുലത്ത് ബന്ധു മരിച്ചതിനേതുടർന്ന് മറ്റു ബന്ധുക്കളോടൊപ്പം ഗൃഹനാഥനും പോയത്. ചടങ്ങുകളിൽ പങ്കെടുത്തതിനുശേഷം നാലിനുതന്നെ തിരികെയെത്തുകയും ചെയ്തു.
തുടർന്ന് അഞ്ചിന് ജലദോഷം ബാധിച്ചതോടെ മുണ്ടിയെരുമ പട്ടംകോളനി പിഎച്ച്സിയിൽ ചികിത്സതേടി. പരിശോധനയിൽ മറ്റു രോഗലക്ഷണങ്ങൾ ഒന്നും കണ്ടെത്തിയില്ലെങ്കിലും ഡോക്ടറുടെ നിർദേശപ്രകാരം ഒരാഴ്ച മരുന്നും കഴിച്ചു.
ഈസമയം ഭാര്യക്ക് ജലദോഷവും വയറിളക്കവുമുണ്ടായി. അപ്പോഴും ഇതേ ആശുപത്രിയിൽ ചികിത്സ തേടി. ഇതുകഴിഞ്ഞു ജോലിക്കുപോയ സ്ഥലത്ത് തനിക്ക് കൊറോണ വൈറസ് ബാധിച്ചുവെന്ന് ചിലർ പറഞ്ഞതനുസരിച്ച് ഇവിടെനിന്നും പറഞ്ഞുവിട്ടതായും ഗൃഹനാഥൻ പരാതിപ്പെടുന്നു.
കൂലിപ്പണിചെയ്ത് കുടുംബം പോറ്റുന്ന ഇയാൾ മൂന്നാഴ്ചയായി വീടിനുള്ളിൽതന്നെ കഴിയുകയാണ്. ഇതോടെ ഭാര്യയും നാലു കുട്ടികളും അടങ്ങുന്ന കുടുംബം പട്ടിണിയിലായി.
രോഗലക്ഷണങ്ങളൊന്നും ഇല്ലാത്ത തന്നെ ആളുകൾ ഒറ്റപ്പെടുത്തുകയാണ്. ഒരു വാഹനം വിളിച്ചാൽ പോലും വരാൻ കൂട്ടാക്കുന്നില്ല. സംഭവത്തിൽ പോലീസിൽ പരാതി നൽകാൻ പഞ്ചായത്ത് സെക്രട്ടറി നിർദേശിച്ചെങ്കിലും നെടുങ്കണ്ടംവരെ പോകാൻ വണ്ടിക്കൂലിപോലും കൈയിലില്ലെന്ന് ഗൃഹനാഥൻ പറഞ്ഞു.
സംഭവത്തിൽ കെ.പി. കോളനി പിഎച്ച്സിയിലെ മെഡിക്കൽ ഓഫീസറോട് കുടുംബത്തെ പരിശോധിക്കാൻ നിർദേശം നൽകിയതായി നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി എ.വി. അജികുമാർ പറഞ്ഞു.
ഗൃഹനാഥന് പോലീസിൽ പരാതിനൽകാൻ സാഹചര്യമില്ലെങ്കിൽ സംഭവം പഞ്ചായത്ത് പോലീസിൽ റിപ്പോർട്ടുചെയ്യും. സ്ഥിതിഗതികൾ പരിശോധിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ടുനൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.