ന്യൂഡൽഹി: ചൈനയ്ക്കു പിന്നാലെ യൂറോപ്പിനെയും പിടിച്ചുലച്ച് കോവിഡ്-19. ആഗോളവ്യാപകമായി രോഗം ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുക്കുകയാണ്.
ഏറ്റവുമൊടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം 275,189 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.
185 രാജ്യങ്ങളിൽ കൊറോണ പടർന്നുപിടിച്ചുകഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഒൗദ്യോഗിക പട്ടികയിൽ 195 രാജ്യങ്ങൾക്കാണു പരമാധികാരമുള്ളത് എന്നിരിക്കെയാണ് 185 രാഷ്ട്രങ്ങളിൽ കോവിഡ്-19 പടരുന്നത്.
30,256 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 11,383 പേരാണ് കോവിഡ്-19 ബാധിച്ച് ആഗോളവ്യാപകമായി മരിച്ചിരിക്കുന്നത്.
ഇന്നലെ മാത്രം 1352 പേർ കൊറോണയിൽ മരിച്ചു.
91,533 പേർ കോവിഡിൽനിന്നു രോഗമുക്തി നേടിക്കഴിഞ്ഞു. രോഗം ബാധിച്ച 7765 പേരുടെ നില ഗുരുതരമാണ് എന്നത് സാഹചര്യത്തിൻറെ ഭീകരത വ്യക്തമാക്കുന്നു.
ചൈനയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൻറെ എണ്ണം കുറഞ്ഞെങ്കിലും യൂറോപ്പിലും അമേരിക്കൻ ഭൂഖണ്ഡങ്ങളിലും കോവിഡ്-19 കുതിച്ചുകയറുകയാണ്.
സ്പെയിൻ, ജർമനി, അമേരിക്ക, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, ഓസ്ട്രിയ, ബെൽജിയം, തുർക്കി രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചുകയറ്റമാണ് ദൃശ്യമാകുന്നത്.
ഇതിൽ ജർമനിക്ക് മരണനിരക്ക് പിടിച്ചുനിർത്താനായെങ്കിലും മറ്റു രാജ്യങ്ങൾക്ക് കൊറോണയെ പ്രതിരോധിക്കാനുള്ള വഴികൾ ഇതുവരെ കാര്യമായി പിടികിട്ടിയിട്ടില്ല.
ദക്ഷിണ കൊറിയ, സിംഗപ്പുർ, ഹോങ്കോംഗ്, തായ്വാൻ തുടങ്ങിയ രാജ്യങ്ങൾക്കാണ് കോവിഡ്-19 രോഗവ്യാപനത്തെ ചെറിയ തോതിലെങ്കിലും പ്രതിരോധിക്കാൻ കഴിയുന്നത്. മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള ഒട്ടുമിക്ക രാജ്യങ്ങളും കോവിഡ്-19നെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു.
അതിൻറെ ഉത്തമ ഉദാഹരണമാണ് ഇതുവരെ 4032 പേർ മരിച്ച ഇറ്റലി. വെള്ളിയാഴ്ച മാത്രം രാജ്യത്ത് 627 പേരാണ് മരിച്ചത്. ഓരോ ദിവസവും ഇവിടെ മരിക്കുന്നവരുടെ എണ്ണം കുതിക്കുകയാണ്.
കോവിഡ് വ്യാപനത്തിൽ ഇറാനിലെ ആരോഗ്യസംവിധാനങ്ങൾ പാടേ തകർന്നിരിക്കുകയാണ്. ഇതുവരെയും രോഗത്തെ നിയന്ത്രണത്തിലാക്കാൻ രാജ്യത്തിനു കഴിഞ്ഞിട്ടില്ല.
ആയിരത്തിനുമേൽ ആളുകൾക്കാണ് രാജ്യത്ത് ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. വെള്ളിയാഴ്ച ഇറാനിൽ 1237 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 149 ആളുകൾ മരിക്കുകയും ചെയ്തു.
1433 പേരാണ് ഇവിടെ ആകെ മരിച്ചിരിക്കുന്നത്. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഏഷ്യൻ രാജ്യങ്ങളിലേക്കു വന്നാൽ പാക്കിസ്ഥാനിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ് കാണാം.
ഇന്നലെ 47 പേർക്കുകൂടി രോഗം ബാധിച്ചതോടെ പാക്കിസ്ഥാനിൽ കോവിഡ് രോഗികളുടെ എണ്ണം 500 കവിഞ്ഞു. ഇന്ത്യയിൽ രോഗികളുടെ എണ്ണം മുന്നൂറിനു താഴെയാണെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ കണക്കിൽ വൻ കുതിപ്പ് ദൃശ്യമാണ്.
ഇന്ത്യ, റഷ്യ രാജ്യങ്ങളെയാകും വരും ദിവസങ്ങളിൽ കൊറോണ രോഗബാധ ഏറ്റവും കൂടുതലായി ബാധിക്കുകയെന്നാണ് അന്താരാഷ്ട്ര തലത്തിലെ വിലയിരുത്തൽ. ഇന്ത്യയിൽ 249 ആളുകൾക്കും റഷ്യയിൽ 253 പേർക്കുമാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.