കളമശേരി: കോവിഡ്- 19നെത്തുടർന്നു രാജ്യാന്തര വിമാനത്താവളങ്ങൾ അടച്ചതിനാൽ നാട്ടിലെത്താൻ കഴിയാതിരുന്ന യുവതി ഭർത്താവിനുള്ള അന്ത്യചുംബനം വാഴ്സാപ്പിലൂടെ നൽകി. ചോറ്റാനിക്കര നീർക്കോട് സ്വദേശി ശ്രീജിത്തിന്റെ ഭാര്യ ബിജിയെയാണ് കൊറോണ സങ്കടക്കടലിലാക്കിയത്.
ആറു മാസം മുമ്പു ജോലി തേടി ഏജന്റ് മുഖേന ദുബായിലെത്തിയ ബിജിയുടെ ദയനീയാവസ്ഥ ഏവരുടെയും കരളലിയിപ്പിക്കുന്നതാണ്. രോഗിയായ ഭർത്താവും പത്തിലും ഏഴിലും ആറിലും പഠിക്കുന്ന മൂന്നു പെൺമക്കളുമടങ്ങിയ കുടുംബം മുന്നോട്ടുപോകാൻ വിഷമിച്ചപ്പോഴാണ് ബിജി ദുബായിൽ ജോലിക്കു പോകാൻ തീരുമാനിച്ചത്. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ഒരു മാസത്തെ വിസയിലാണ് ഏജന്റ് തന്നെകൊണ്ടുവന്നതെന്ന്.
ഒരു മാസത്തെ ഇഷ്ടമില്ലാത്ത ജോലിക്കുശേഷം പുറത്തിറങ്ങിയ ബിജിക്ക് ജോലിയോ കൂലിയോ കൈയിൽ രേഖകളോ ഇല്ലാതെ റോഡിലിറങ്ങി നിലവിളിക്കേണ്ടിവന്നു. പിന്നീടു മലയാളിയുടെ സഹായത്തോടെ കിടക്കാൻ അഭയം കിട്ടി. ഇതിനിടയിലാണ് കഴിഞ്ഞ ഞായറാഴ്ച ഭർത്താവ് മരിച്ച വാർത്തയെത്തുന്നത്. വിമാനത്താവളങ്ങൾ അടച്ചതിനാൽ നാട്ടിലെത്താൻ വേറെ വഴികളൊന്നുമില്ലായിരുന്നു. തന്റെ പ്രിയതമന്റെ മൃതദേഹം വാഴ്സപ്പിലൂടെ കണ്ടു ബിജി അന്ത്യചുംബനമർപ്പിച്ചു. മക്കളും ബന്ധുക്കളും നാട്ടുകാരും ആ രംഗം കണ്ടു നെഞ്ചുരുകി കരഞ്ഞു.
കളമശേരി ഗ്ലാസ് കോളനിയിൽ വാടകയ്ക്കു താമസിച്ചിരുന്ന ബിജിയുടെ കുടുംബത്തിനു വീട്ടുവാടക നൽകാൻ കഴിയാത്ത സ്ഥിതി വന്നിരുന്നു. അഭയകേന്ദ്രം നടത്തുന്ന തോമസ് എന്ന ആൾ സൗജന്യമായി നൽകിയ വീട്ടിലാണ് ഇവർ പിന്നീടു താമസിച്ചിരുന്നത്. വാർഡ് കൗൺസിലർ ഇടപെട്ടാണ് ഇതു തരപ്പെടുത്തിയത്. ബിജിയുടെ ഭർത്താവ് ശ്രീജിത്ത് ബോൺ കാൻസറും മഞ്ഞപ്പിത്തവുമായി ഏറെനാളായി ചികിത്സയിലയിരുന്നു. തിങ്കളാഴ്ച സംസ്കാരം നടത്തി.
മൂന്നു പെൺകുട്ടികൾ ഇപ്പോൾ ശ്രീജിത്തിന്റെ അച്ഛൻ ശ്രീധരനൊപ്പമാണ്. അമ്മയുടെ വരവും കാത്തിരിക്കുകയാണ് ഈ കുട്ടികൾ. തൊടുപുഴ സ്വദേശിനിയായ ബിജിക്കു വിമാനസർവീസ് ആരംഭിച്ചാലെ ഇനി നാട്ടിലെത്താനാകൂ.