വടക്കഞ്ചേരി: കൊറോണയുടെ പേരിൽ വാർഡ് മെംബറായ സ്ത്രീയെ വിളിച്ചുവരുത്തി അപമാനിച്ചതായി പരാതി. കിഴക്കഞ്ചേരി പഞ്ചായത്ത് പത്താംവാർഡ് മെംബർ പാലക്കുഴിയിലെ കെ.മഞ്ജുവാണ് ഇതുസംബന്ധിച്ച് വടക്കഞ്ചേരി സിഐയ്ക്ക് പരാതി നല്കിയിട്ടുള്ളത്.
ഞായറാഴ്ച വൈകുന്നേരമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം.
പാലക്കുഴിയിൽ റോഡിന്റെ എസ്റ്റിമേറ്റ് തയാറാക്കാൻ വരുന്നുണ്ടെന്ന് അറിയിച്ച് പഞ്ചായത്ത് വാഹനത്തിൽ എത്തിയ മറ്റൊരു മെംബറും ജീവനക്കാരുമാണ് കൊറോണയുടെ പേരിൽ മനോവിഷമം ഉണ്ടാക്കുന്നവിധം സംസാരിച്ച് തന്നെ മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കുന്നവിധം പെരുമാറിയതെന്ന് മഞ്ജു പറഞ്ഞു.
കൊറോണ നിരീക്ഷണത്തിൽ കഴിയുന്ന വീട്ടിൽപോയ മെംബർ എന്ന നിലയിലാണ് തന്നെ അവഗണിച്ചത്. പഞ്ചായത്ത് വാഹനം എത്താൻ കാത്തുനിന്ന മെംബറോട് വേറെ വാഹനമുണ്ടോയെന്ന് ചോദിക്കുകയും ഇല്ലെന്ന് പറഞ്ഞപ്പോൾ പിന്നെ വരാമെന്നു പറഞ്ഞ് തിരിച്ചുപോയെന്നും പരാതിയിൽ പറയുന്നു.
വാഹനത്തിന്റെ ഗ്ലാസ് കുറച്ച് മാത്രം താഴ്ത്തി മുഖംതിരിഞ്ഞ് ആംഗ്യഭാഷയിലായിരുന്നു സംസാരമെന്നും മെംബർ ആരോപിച്ചു. കോറോണ സ്ഥിരീകരിച്ച ആരുടെ വീട്ടിലും താൻ പോയിട്ടില്ലെന്നും ഏതാനുംദിവസംമുന്പ് ബോർഡ് യോഗത്തിൽ പങ്കെടുത്ത തന്നോട് ഇത്തരം വിവേചനം കാട്ടിയില്ലെന്നും മെംബർ പറഞ്ഞു. കൊറോണഭീതിയുണ്ടെങ്കിൽ പിന്നെ എന്തിനാണ് തന്നെ റോഡിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് മഞ്ജു ചോദിക്കുന്നത്.