കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവശുശ്രൂഷക്കെത്തിയ യുവതിക്ക് കോവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ പ്രത്യേക സംഘം.
കമ്മ്യൂണിറ്റി മെഡിസിന് വിഭാഗമാണ് രോഗം പടര്‍ന്നതെവിടെ നിന്നാണെന്ന് കണ്ടെത്താന്‍ പരിശോധന നടത്തുന്നതെന്ന് ഡിഎംഒ വി.ജയശ്രീ അറിയിച്ചു. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന യുവതിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
ഇതോടെ യുവതിയുമായി സമ്പര്‍ക്കത്തിലായ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 190 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലായി. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. പരിശോധനാഫലം വന്നതെല്ലാം നെഗറ്റീവാണ്.
അതേസമയം രോഗം സ്ഥിരീകരിച്ച യുവതിയുടെ രണ്ടാമത്തെ ഫലം നെഗറ്റീവാണെന്നാണ് വിവരം. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ആദ്യ സ്രവ പരിശോധന നടത്തിയത്.
ഇത് പോസിറ്റീവായിരുന്നു. തുടര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലായത്. യുവതിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കായിരുന്നു അയച്ചത്. ഈ പരിശോധനാ ഫലമാണ് നെഗറ്റീവായത്.
ചില കേസുകളില്‍ ഇത്തരത്തില്‍ പരിശോധനാഫലത്തില്‍ വ്യത്യാസങ്ങളുണ്ടാവാറുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.
യുവതിയുമായി സമ്പര്‍ക്കത്തിലായ ഗൈനക്കോളജി, ജനറല്‍ സര്‍ജറി, കാര്‍ഡിയാക് സര്‍ജറി, പീഡിയാട്രിക് സര്‍ജറി, ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി, അനസ്തേഷ്യ വിഭാഗങ്ങളില്‍ നിന്നായി 107 ഡോക്ടര്‍മാര്‍, 42 നഴ്സുമാര്‍, 41 പാരാമെഡിക്കല്‍ സ്റ്റാഫ്, എക്സ്റേ, ഇസിജി, സ്കാനിംഗ് വിഭാഗങ്ങളിലെ ടെക്നീഷ്യന്മാര് ഉള്‍പ്പെടെയാണ് നിരീക്ഷണത്തിലായത്. ഇരുപത്തിയെട്ടുകാരിയായ മണിയൂര്‍ സ്വദേശിനിക്കാണ് കോവിഡ് സ്ഥീരികരിച്ചത്.
പ്രസവത്തിനായി മേയ് 24ന് പുലര്‍ച്ചെയാണ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ യുവതിയെ പ്രവേശിപ്പിച്ചത്. പ്രസവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇവരെ കാര്‍ഡിയോ തൊറാസിക് സര്ജന് ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ പരിചരിച്ചിരുന്നു.
പത്തോളം ഡിപ്പാര്‍ട്ടുമെന്റുകളിലായി ചികിത്സ തേടിയിരുന്നതിനാല്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇവരുമായി സമ്പര്ക്കത്തിലാവുകയായിരുന്നു. ഇവര്‍ക്ക് എവിടെനിന്നാണ് അസുഖം ബാധിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.
അതേസമയം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിവസവും കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ കോവിഡ് ചികിത്സയ്ക്ക് മാത്രമായി ഒരു ആശുപത്രി കൂടി ഏറ്റെടുക്കാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മാത്രമാണ് പൂര്‍ണമായും കോവിഡ് ആശുപത്രിയായുള്ളത്.
മറ്റിടങ്ങളില്‍ കോവിഡ് രോഗികളുള്ളത് ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഒരു ആശുപത്രി കൂടി ഏറ്റെടുക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്.
ഇന്നലെ നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ 48 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്.
ഇതില്‍ 18 പേര് കോഴിക്കോട് മെഡിക്കല്‍ കോളജിലും 26 പേര് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലും രണ്ടുപേര്‍ കണ്ണൂരിലും ഒരു എയര്‍ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
കൂടാതെ ഒരു മലപ്പുറം സ്വദേശിയും രണ്ടു വീതം കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍ സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എംവിആര്‍ കാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്. കണ്ണൂര്‍ ജില്ലയിലെ ആറു പോസിറ്റീവ് കേസുകള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.