ഐസൊലേഷനിൽ കഴിയുന്നവർക്ക് മാനസികപിന്തുണ നൽകുക എന്നതാണ് തണ്ണിത്തോട് ഫാമിലി ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന എസ്.സനിതയുടെ ദൗത്യം.
എന്നാൽ ഫോണിലൂടെ സംസാരിക്കുന്പോൾ ഭൂരിഭാഗം ആളുകളും നല്ല രീതിയിലാണു പ്രതികരിക്കുന്നതെന്നാണ് സനിത പറയുന്നു.
വീട്ടിൽ ഐസൊലേഷനിൽ കഴിയുന്ന നഴ്സിനെ വിളിച്ചപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നതിൽ തങ്ങൾക്ക് യാതൊരു പരിഭവവും ഇല്ലെന്നും മറിച്ച് രോഗംപ്രതിരോധിക്കാൻ സർക്കാർ ഇത്രയധികം കഷ്ടപ്പെടുന്പോൾ തങ്ങളാൽ ആകുംവിധം സഹകരിക്കുമെന്നുമാണു ലഭിച്ച പ്രതികരണം.
രോഗം വ്യാപിക്കാതിരിക്കാനല്ലേ പ്രശ്നമില്ലാ എന്ന് പറയുന്നവർക്കൊപ്പം ദേഷ്യത്തോടെ പ്രതികരിക്കുന്ന ചിലരുമുണ്ടെന്ന് കൗണ്സലർ പറയുന്നു.
രോഗബാധിതർ പോയ ഇടങ്ങളിൽ അബദ്ധവശാൽ പോയ ഞങ്ങളും നിരീക്ഷണത്തിൽ കഴിയണോ എന്ന് ചോദിക്കുന്നവരും ഐസൊലേഷൻ കാലാവധി കുറച്ചുതരുമോ എന്ന് ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
എന്താ ഇന്ന് വിളിക്കാൻ വൈകിയത്… കാത്തിരിക്കുകയായിരുന്നു…
എന്താ വിളിക്കാൻ വൈകിയത്… ഞങ്ങളെ മറന്നു പോയോ… കോൾ സെന്ററിൽ നിന്നും രാവിലെ ഐസോലേഷനിൽ കഴിയുന്ന വ്യക്തിയെ വിളിച്ചപ്പോൾ ആദ്യംകേട്ടത് ഈ വാചകങ്ങളാണെന്ന് സോഷ്യൽ വർക്കറും നാഷണൽ ഹെൽത്ത് മിഷന്റെ പറക്കോട് ബ്ലോക്ക് പിആർഒ യുമായ പ്രിൻസ് ഫിലിപ്പ് പറയുന്നു.
വൈറസ്ബാധ സ്ഥിരീകരിച്ച ആദ്യ ദിവസങ്ങളിൽ വീടുകളിൽ ഐസോലേഷനിൽ കഴിയുന്നവരെ വിവരങ്ങൾ ശേഖരിക്കാൻ വിളിക്കുന്പോൾ ആശങ്കയോടെയും ദേഷ്യത്തോടെയുമുള്ള മറുപടികളായിരുന്നു കൂടുതലും ലഭിച്ചിരുന്നത്. ഇന്ന് ആശങ്കകൾ പ്രതീക്ഷകൾക്ക് വഴിമാറുകയാണ്.
വിളിവരും കോൾ സെന്ററിൽ നിന്ന്, വീടുവിട്ടാൽ പോലീസ് പിടിക്കും…
വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സാന്ത്വനമായും കരുതലായും നിരന്തരം ഫോണിലൂടെ ബന്ധപ്പെടാൻ പത്തനംതിട്ട കളക്ടറേറ്റ് കേന്ദ്രീകരിച്ച് കോൾ സെന്റർ പ്രവർത്തിക്കുന്നുണ്ട്.
ഒറ്റപ്പെട്ടുപോകുമോ എന്ന ഭയത്തിൽ കഴിഞ്ഞവർക്ക് ഇന്ന് അവർ കൂട്ടാണ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ബന്ധപ്പെടുന്ന പത്തനംതിട്ട കളക്ടറേറ്റിലെ കോൾ സെന്ററിലെ ഉദ്യോഗസ്ഥർക്ക് വ്യത്യസ്ത അനുഭവങ്ങളുണ്ട്.
ഏറെപ്പേരും ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് വീടുകളിൽ തന്നെ കഴിയുന്പോൾ ചില വിരുതൻമാർ ഇറങ്ങി പുറത്തുപോകുന്നുണ്ട്.
ഭക്ഷണത്തിനു വക വേണ്ടേ എന്നൊക്കെയാണ് ഇവരുടെ ആവശ്യം.
ഭക്ഷണം വീട്ടിലെത്തിക്കാമല്ലോയെന്നായപ്പോൾ എന്നാൽ നോക്കാമെന്നായി. ഇനി വീടു വിട്ടു പോയാൽ പോലീസ് വരുമെന്നൊക്കെയുള്ള ഭീഷണിയും ചിലപ്പോൾ നൽകേണ്ടിവരുന്നു.