കഴിഞ്ഞ വർഷം ഡിസംബർ 31-നാണു ചൈനയിലെ വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ പുതിയതരം ന്യൂമോണിയ (കോവിഡ്-19) രോഗം ലോകാരോഗ്യസംഘടനയ്ക്കു റിപ്പോർട്ട് ചെയ്തത്. ഇന്നലെ 180-ാം ദിവസം ഈ ആഗോള മഹാമാരി ബാധിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. കോവിഡ് മൂലം മരിച്ചവരുടെ സംഖ്യ അഞ്ചു ലക്ഷവുമായി.
പ്രതിരോധ വാക്സിൻ ഗവേഷണം
നാലു വാക്സിൻ ഗവേഷണങ്ങളാണു പ്രതീക്ഷ പകരുന്നത്.
ചാഡോക്സ് വൺ എസ്.
ഔഷധ കന്പനി അസ്ട്രാ സെനക്കയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ചേർന്നാണ് ഈ രാസസംയുക്തത്തിന്റെ പരീക്ഷണം. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും മൂന്നാംഘട്ട പരീക്ഷണം നടക്കുന്നു. 2000 ആൾക്കാരിലെ പരീക്ഷണഫലം ജൂലൈ അവസാനം അറിയാം.
അഡനോവൈറസ് ടൈപ്പ് 5- വെക്ടർ
ചൈനീസ് കന്പനി കാൻസിനോയും ബെയ്ജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ചേർന്ന് ഗവേഷണം നടത്തുന്നു. 500 മനുഷ്യരിൽ രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചു. ഒരു മാസത്തിനകം ഫലമറിയാം. ഈ രാസവസ്തു കോവിഡിനെതിരേ ആന്റിബോഡി ഉണ്ടാക്കും. അതു വേറേ ദൂഷ്യമുണ്ടാക്കുമോ എന്നാണു രണ്ടാംഘട്ട പരീക്ഷണത്തിൽ അറിയേണ്ടത്.
എൻകാപ്സുലേറ്റഡ് എംആർഎൻഎ
അമേരിക്കയിലെ മോഡേണ കന്പനിയുടെ ഈ രാസഘടകം മനുഷ്യരിൽ രണ്ടാംഘട്ട പരീക്ഷണത്തിലാണ്. ജൂലൈ ആദ്യം മൂന്നാംഘട്ടം തുടങ്ങും. അത് 30,000 പേരെ ഉൾപ്പെടുത്തിയാകും. മെസഞ്ചർ ആർഎൻഎ ഉപയോഗിച്ചു വൈറസിനെതിരായ ആന്റിബോഡി ഉൽപാദിപ്പിക്കലാണ് മോഡേണ ഉദ്ദേശിക്കുന്നത്.
വുഹാൻ ഗവേഷണം
വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ട്സും ഔഷധ കന്പനികളായ സിനോഫാർമയും സിനോവാകും ചേർന്നു നടത്തുന്ന ഗവേഷണത്തിന്റെ ആദ്യ ഫലങ്ങൾ ജൂലൈയിൽ അറിയാം. സിനോഫാർമ യുഎഇയിലും സിനോവാക് ബ്രസീലിലും പരീക്ഷണങ്ങൾ തുടങ്ങാനിരിക്കുന്നു.
കോവിഡിന്റെ വഴി
2019 ഡിസംബർ 31- കോവിഡ് രോഗത്തെപ്പറ്റി ആദ്യ അറിയിപ്പ്
2020 ജനുവരി 25- രോഗികളുടെ എണ്ണം ആയിരം കടക്കുന്നു.
ജനുവരി 31- 10,000
ഫെബ്രുവരി 12- 50,000
മാർച്ച് 6- 1,00,000
മാർച്ച് 26- 5,00,000
ഏപ്രിൽ 2- 10 ലക്ഷം
ഏപ്രിൽ 21- 25 ലക്ഷം
മേയ് 20- 50 ലക്ഷം
ജൂൺ 27- ഒരു കോടി
കോവിഡ് മരണങ്ങൾ അഞ്ചു ലക്ഷം
ജനുവരി 11-നു വുഹാനിലെ ഒരു 61 വയസുകാരനാണു കോവിഡ്-19 മൂലം ആദ്യം മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടത്. ഫെബ്രുവരി 10 ആയപ്പോഴേക്കു മരണം 1000 കടന്നു. മാർച്ച് 19-നു 10,000. ഏപ്രിൽ ഒൻപതിന് ഒരു ലക്ഷം. ഏപ്രിൽ 24-നു രണ്ടു ലക്ഷം എന്നിങ്ങനെ വളർന്ന മരണസംഖ്യ ഇന്നലെ അഞ്ചു ലക്ഷത്തിലധികമായി.
ഏറ്റവും കൂടുതൽ രോഗബാധിതരും
മരിച്ചവരും അമേരിക്കയിൽ.
ഇപ്പോൾ പ്രതിദിന വർധന
ഏറ്റവും കൂടുതൽ ബ്രസീലിൽ.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ
രോഗബാധിതരും മരിച്ചവരും
മഹാരാഷ്ട്രയിൽ.