വുഹാൻ: കൊറോണ വൈറസിനെ സംബന്ധിച്ച് ആദ്യമായി മുന്നറിയിപ്പ് നൽകിയ ഡോക്ടർ കൊറോണ ബാധിച്ച് മരിച്ചു. വുഹാൻ സെൻട്രൽ ആശുപത്രിയിലെ നേത്രരോഗ ഡോക്ടർ ലി വെൻലിയാങ് (34) ആണ് മരിച്ചത്.
കൊറോണ ബാധയെക്കുറിച്ച് ഡിസംബർ 30 ന് ഇദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അദ്ദേഹത്തെ ചൈനീസ് ഭരണകൂടം നിശബ്ദമാക്കുകയായിരുന്നു.
സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം പകർച്ചവ്യാധി സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. തന്റെ സഹപ്രവർത്തകർക്കാണ് അദ്ദേഹം സന്ദേശമയച്ചത്.
2003 ൽ മഹാമാരിയായി പടർന്നു പിടിച്ച സാർസ് പോലെയുള്ള രോഗം ചൈനയിൽ പടരാൻ സാധ്യതയുണ്ട്. ഏഴ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പ്രിയപ്പെട്ട സുഹൃത്തുക്കൾ സൂക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
നിമിഷങ്ങൾക്കുള്ളിൽ സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ പബ്ലിക്ക് ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടു. ഡോക്ടറുടെ പേര് പോലും മറയ്ക്കാതെയാണ് സ്ക്രീൻഷോട്ട് ഷെയർ ചെയ്യപ്പെട്ടത്.
താമസിയാതെ വുഹാൻ പോലീസ് എത്തി അദ്ദഹത്തോട് വാർത്ത വ്യാജമാണെന്നും മാപ്പുപറയാനും ആവശ്യപ്പെട്ടു. ശിക്ഷഭയന്ന് അദ്ദേഹം മാപ്പ് എഴുതി നൽകി. എന്നാൽ സുരക്ഷയില്ലാതെ ജോലി ചെയ്ത ഡോക്ടറും കൊറോണയുടെ പിടിയിലായി. ഒടുവിൽ അദ്ദേഹത്തിന്റെ ജീവൻ തന്നെ നഷ്ടമായി.