മാഹി: കോവിഡ് ചികിത്സയ്ക്കിടെ മരിച്ച മാഹി ചെറുകല്ലായി സ്വദേശി മെഹറൂഫിനെ ഒന്നര മാസമായിട്ടും സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്താതെ പുതുച്ചേരി സർക്കാർ.
ബന്ധുക്കൾ മാഹി റീജണൽ അഡ്മിനിസ്ട്രേറ്ററെ നേരിട്ടുകണ്ട് വിഷയം അവതരിപ്പിച്ചെങ്കിലും കേന്ദ്ര പ്രോട്ടോക്കോൾ പറഞ്ഞ് കൈയൊഴിഞ്ഞതോടെ ബന്ധുക്കൾ നിരാശയിലായി.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് മെഹറൂഫിന് കോവിഡ് സ്ഥിരീകരിച്ചത്. ഉടൻ ഇയാളെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും രോഗം മൂർച്ഛിച്ച് ഏപ്രിൽ 11ന് മരിക്കുകയായിരുന്നു.
തുടർന്ന് മാഹി ആരോഗ്യവകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ കണ്ണൂർ പരിയാരം കോരൻപീടികയ്ക്ക് സമീപമുള്ള ജുമാ മസ്ജിദിലെ കബർസ്ഥാനിൽ കബറടക്കുകയും ചെയ്തു.
നിയമപരമായി പരിയാരം പഞ്ചായത്തിൽ മരണം രജിസ്റ്റർ ചെയ്യുകയും സർട്ടിഫിക്കറ്റ് കുടുംബത്തിന് നൽകിയതുമാണ്. എന്നാൽ കോവിഡ് മരണപ്പട്ടികയിൽ പുതുച്ചേരി സർക്കാരാണ് ചേർക്കേണ്ടത്.
പ്രോട്ടോക്കോൾ അനുസരിച്ച് എവിടെയാണോ രോഗി മരിച്ചത് ആ സംസ്ഥാനത്താണ് മരണം രേഖപ്പെടുത്തേണ്ടതെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവുണ്ടെങ്കിലും കേരള സർക്കാരിന്റെ കോവിഡ് മരണപ്പട്ടികയിൽ മെഹറൂഫിന്റെ പേര് ഉൾപ്പെടുത്തിയിട്ടുമില്ല.
കേരളത്തിലെ കണക്കിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടിന് മെഹറൂഫിന്റെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
മെഹറൂഫിന്റെ കുടുംബത്തോട് കേരള സർക്കാർ നീതി കാണിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ ആവശ്യപ്പെട്ടു.
മരണം നടന്ന് 40 ദിവസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ മരണം രേഖപ്പെടുത്താത്തത് കുറ്റകരമായ അനാസ്ഥയാണ്.
ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും കേരളത്തിന്റെ പട്ടികയിൽ മരണം ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മുനീർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരിക്കുകയാണ്.