ശ്രീകണ്ഠപുരം(കണ്ണൂർ): ഇരിക്കൂറിൽ ഡോക്ടർക്ക് കോവിഡ് – 19 എന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ പരാതിയിൽ വാട്സ് ആപ് ഗ്രൂപ്പുകൾക്കെതിരേ ഇരിക്കൂർ പോലീസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം സ്വദേശിയായ ഡോക്ടർ വർഷങ്ങളായി ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഒരാഴ്ച മുമ്പ് തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് ഇരിക്കൂറിൽ മടങ്ങിയെത്തിയ ഡോക്ടർ രോഗികളെ പരിശോധിക്കാതെ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്.
കഴിഞ്ഞ ദിവസം മുതലാണ് ഇരിക്കൂർ കേന്ദ്രീകരിച്ചുള്ള ഇരിക്കൂർ ടൗൺ ഗ്രൂപ്പ്, പി.കെ. ഗ്രൂപ്പ് തുടങ്ങിയ വാട്സ് ആപ് ഗ്രൂപ്പുകളിൽ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതായി വ്യാജ പ്രചാരണമുണ്ടായത്.
ടെക്സ്റ്റ് മെസേജുകൾക്ക് പുറമേ സ്ത്രീകളുടെ വോയ്സ് മെസേജുകളുമാണ് പ്രചരിക്കുന്നത്. ഇതോടെ ഡോക്ടർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
ഇരിക്കൂർ ടൗൺ ഗ്രൂപ്പ്, പി.കെ. ഗ്രൂപ്പ് ഉൾപ്പെടെയുള്ള അഡ്മിൻമാരോടും മെസേജ് ഫോർവേർഡ് ചെയ്തവരോടും സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മെസേജ് ക്രിയേറ്റ് ചെയ്തവരേയും മെസേജ് എത്തിയ മറ്റു വാട്സാപ് ഗ്രൂപ്പുകളും സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.