രാജ്യത്തെ പൊതുമേഖലാബാങ്കുകള്‍ ആറുമാസത്തിനുള്ളില്‍ 55,356 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയതായി റിപ്പോര്‍ട്ട്. കോര്‍പറേറ്റ് സ്ഥാപനങ്ങളും പ്രൊമോട്ടര്‍മാരും വരുത്തിയ കുടിശ്ശികയാണ് ഇത്രയും തുക. നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയിലെ കണക്കാണിത്. കഴിഞ്ഞവര്‍ഷം ആദ്യപകുതിയില്‍ 35,985 കോടി രൂപയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈയിനത്തില്‍ 54 ശതമാനം വര്‍ധനയാണ് ഉണ്ടായത്.
കിട്ടാക്കടം പെരുകുന്നത് ബാങ്കുകളുടെ സാമ്പത്തികഭദ്രതയെ ബാധിക്കുമെന്ന സ്ഥിതി വരുമ്പോള്‍ ബാലന്‍സ് ഷീറ്റില്‍ ലാഭം കുറയുന്നത് ഒഴിവാക്കാനാണ് എഴുതിത്തള്ളല്‍ എന്നതാണ് പതിവ് വിശദീകരണം. കഴിഞ്ഞ 10 വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 3,60,912 കോടി രൂപയുടെ കിട്ടാക്കടമാണ്. 2007-08 മുതല്‍ ഏഴ് വര്‍ഷം 1,21,830 കോടി രൂപയാണ് എഴുതിത്തള്ളിയതെങ്കില്‍ മോദിസര്‍ക്കാര്‍ വന്നശേഷമുള്ള മൂന്നരവര്‍ഷത്തില്‍ ഈ തുക 2,39,082 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം മൊത്തത്തില്‍ 77,123 കോടി രൂപയാണ് എഴുതിത്തള്ളിയത്.
ഇക്കൊല്ലം ആദ്യപകുതിയില്‍ത്തന്നെ 55,356 കോടി രൂപയായി. ഈ പ്രവണതയനുസരിച്ച് നടപ്പുവര്‍ഷം ആകെ ലക്ഷം കോടിയില്‍പരം രൂപ എഴുതിത്തള്ളാനാണ് സാധ്യതയെന്ന് വിവിധ ബാങ്ക് മേധാവികള്‍ പറഞ്ഞു. കടം എഴുതിത്തള്ളുന്നത് സാങ്കേതിക നടപടിക്രമം മാത്രമാണെന്നും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ബാങ്കുകള്‍ അവകാശപ്പെടുന്നു. സാധാരണക്കാരുടെ വായ്പാ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ജപ്തി ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോഴാണ് കോര്‍പറേറ്റുകളെ സഹായിക്കുന്ന നടപടി.
വായ്പാ കുടിശ്ശിക ദീര്‍ഘകാലത്തേക്ക് പുനഃക്രമീകരിക്കുകയും തിരിച്ചടവില്‍ വന്‍തോതില്‍ ഇളവുകള്‍ നല്‍കുകയും ചെയ്യുന്നു. വിജയ് മല്യയെ പോലുള്ളവരുടെ കാര്യത്തില്‍ തിരിച്ചടവ് ഒരിക്കലും നടക്കാത്ത സ്ഥിതിയായി. വായ്പയായി നല്‍കുന്ന തുകയുടെ ഒന്നര മടങ്ങ് ബാങ്കുകള്‍ സാധാരണ ഈട് വാങ്ങാറുണ്ട്. അതേസമയം, അനില്‍ അംബാനിയുടെ ടെലികോം കമ്പനി 45,000 കോടി രൂപയുടെ വായ്പ കുടിശ്ശിക വരുത്തിയിരുന്നു. മൊത്തം കോര്‍പറേറ്റ് വായ്പാ കുടിശ്ശിക 10 ലക്ഷം കോടി രൂപയെങ്കിലും വരും. ഇതൊക്കെ നല്‍കിയത് കൃത്യമായ ഈടിന്റെ അടിസ്ഥാനത്തിലല്ലെന്ന് ബാങ്കിംഗ് മേഖലാ നിരീക്ഷകര്‍ പറയുന്നു. ഇപ്പോള്‍ പൊതുജനങ്ങളുടെ നിക്ഷേപത്തിന്റെ ബലത്തിലാണ് കോര്‍പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളുന്നത്.