തൃശൂർ: കോർപറേഷൻ ഓഫീസിൽ മേയറുടെ ചേംബർ ബന്ധപ്പെട്ടവർ അറിയാതെ പൊളിച്ചതു വിവാദമായി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നു മേയറുടെ ചുമതലയുള്ള ഡെപ്യൂട്ടി മേയർ ബീനാമുരളി പറഞ്ഞു. എലി ശല്യമുണ്ടെന്ന കാരണം പറഞ്ഞാണ് ഓഫീസും ചേന്പറും അടച്ചുപൂട്ടിയതും പിറകേ പൊളിച്ചതും. കസേരയും മേശയും മാറ്റിയിട്ടു്.
താൻ മേയറുടെ ഓഫീസ് ഉപയോഗിക്കുന്നതു തടയാൻ സിപിഎം നേതാക്കളാണ് ഇതു ചെയ്തതെന്നാണ് ഡെപ്യൂട്ടി മേയറുടെ ആരോപണം. സിപിഎം പ്രതിനിധിയായ മേയർ 17 നാണ് സ്ഥാനമൊഴിഞ്ഞത്. ഇതേ തുടർന്ന് സിപിഐ അംഗമായ ഡെപ്യൂട്ടി മേയർ ബീനാ മുരളിയ്ക്കാണ് മേയറുടെ ചുമതല. കോർപറേഷൻ എഞ്ജിനീയർ, സെക്രട്ടറി എന്നിവരോട് അനുവാദം വാങ്ങാതെയാണ് മേയറുടെ മുറി പൊളിച്ചത്.
മേയറുടെ ഒൗദ്യോഗിക വാഹനം അറ്റകുറ്റപ്പണിയ്ക്കു കയറ്റിയിട്ടുമുണ്ട്. മേയറുടെ ചേന്പർ അടുത്തിടെയാണ് ലക്ഷങ്ങൾ ചെലവിട്ട് മോടിപിടിപ്പിച്ചത്. ഉദ്യോഗസ്ഥർ താനുമായി ആലോചിക്കാതെയാണ് ചേന്പർ പൊളിച്ചതെന്നും ഇതിലൂടെ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായതെന്നും ഡെപ്യൂട്ടി മേയർ പറയുന്നു.
ഡെപ്യൂട്ടി മേയറായിട്ടും കോർപറേഷൻ ഉദ്യോഗസ്ഥർ തന്നെ അവഗണിക്കുകയാണെന്ന് ബീനാ മുരളി കഴിഞ്ഞ കൗണ്‍സിൽ യോഗത്തിൽ ഉന്നയിച്ചിരുന്നു. ചേന്പർ പൊളിച്ചതിനു പിറകിൽ ആരാണെന്ന് മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തിയോട് ആരാഞ്ഞപ്പോഴാണ് എലി ശല്യമെന്ന ന്യായീകരണമുണ്ടായത്. ഇത് അംഗീകരിക്കാനാവില്ലെന്നു ഡെപ്യൂട്ടി മേയർ ബീന മുരളി പറഞ്ഞു.
മേയറുടെ താൽകാലിക ചുമതല വഹിക്കുന്നതിൽനിന്ന് ഡെപ്യൂട്ടി മേയറെ തടയുന്ന സിപിഎം നടപടി ജനാധിപത്യത്തെ അവഹേളിക്കലാണെന്നു കൗണ്‍സിലറും ഡിസിസി ജനറൽ സെക്രട്ടറിയുമായ എ. പ്രസാദ് പറഞ്ഞു. ഡെപ്യൂട്ടി മേയർ ചുമതല നിറവേറ്റാൻ വരുന്പോൾ മേയറുടെ ഓഫീസ് പൊളി ആരുമറിയാതെ പൊളിച്ചത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്നും പ്രസാദ് പറഞ്ഞു.