ശ്രദ്ധ വോള്‍ക്കറിന്റെ കൊലപാതകത്തിന്റെ നടുക്കം വിട്ടുമാറും മുമ്പുതന്നെ ഡല്‍ഹിയില്‍ നിന്ന് സമാനമായ മറ്റൊരു കൊലപാതകത്തിന്റെ വാര്‍ത്ത കൂടി പുറത്തു വരികയാണ്.
ഭര്‍ത്താവിനെ കൊന്നു കഷണങ്ങളാക്കിയ കേസില്‍ ഭാര്യയെയും മകനെയും ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ശ്രദ്ധയെ കാമുകന് അഫ്താബ് പൂനവാല കൊന്ന് കഷണങ്ങളാക്കിയതിനു സമാനമാണ് ഈ കേസെന്നും പോലീസ് പറയുന്നു.
മെഹ്റോളിയില് ശ്രദ്ധയെ അഫ്താബ് പൂനവാല കൊലപ്പെടുത്തി 35 കഷണങ്ങളാക്കി മുറിച്ച് പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു.
അതുപോലെ, ഇക്കഴിഞ്ഞ ജൂണില്‍ പാണ്ഡവ് നഗറിലാണ് ഈ കേസിലെ മൃതദേഹ ഭാഗങ്ങള്‍ ആദ്യം കണ്ടെത്തിയത്.
മൃതദേഹം അഴുകിയതിനാല്‍ മരിച്ചത് ആരാണെന്നു പോലീസിനു മനസ്സിലാക്കാനായില്ല. ശ്രദ്ധയുടെ കൊലപാതകം വാര്‍ത്തകളില്‍ നിറഞ്ഞതോടെ ആ വഴിക്ക് അന്വേഷണം ആരംഭിച്ചു.
മൃതാവശിഷ്ടങ്ങളുടെ ശാസ്ത്രീയ അന്വേഷണത്തില്‍ പാണ്ഡവ് നഗറിലെ അഞ്ജന് ദാസ് എന്നയാളാണു കൊല്ലപ്പെട്ടതെന്നു കണ്ടെത്തി.
അവിഹിതബന്ധമുണ്ടെന്ന സംശയത്താലാണു അഞ്ജന് ദാസിനെ ഭാര്യ പൂനവും മകന് ദീപക്കും ചേര്‍ന്നു കൊലപ്പെടുത്തിയത്.
ഇരുവരും അഞ്ജനെ 22 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഡല്‍ഹിയിലും സമീപത്തുമായി മൃതദേഹ ഭാഗങ്ങള്‍ വലിച്ചെറിഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ പ്രദേശത്ത് അമ്മയും മകനും പല രാത്രികളില്‍ വന്നുപോയെന്നു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
പിന്നീട് ഇരുവരെയും നിരീക്ഷത്തിലാക്കിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകവിവരം പുറത്തായത്.
ഉറക്കഗുളികകള്‍ നല്കി ബോധംകെടുത്തിയ ശേഷമാണ് അഞ്ജനെ കൊലപ്പെടുത്തിയതെന്ന് ഇരുവരും മൊഴിനല്‍കി.