റെനീഷ് മാത്യു
കണ്ണൂർ: സംസ്ഥാനത്തിന്റെ അതിർത്തികളിൽ വാഹനപരിശോധന കർശനമാക്കിയതോടെ കൊറിയർവഴി ലഹരി ഗുളികകൾ കേരളത്തിലേക്ക്.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലേക്കാണ് ലഹരിഗുളികകൾ ഒഴുകിയെത്തുന്നത്. ജില്ലകളിലെ കൊറിയർ സർവീസിൽ നിന്ന് ഗുളികകൾ അടങ്ങിയ പായ്ക്കറ്റ് ശേഖരിക്കുന്ന മൊത്തവിതരണക്കാർ ഗുളികകൾ ചെറിയ പായ്ക്കറ്റുകളിലാക്കി ഏജന്റുമാർ മുഖേന ആവശ്യകാർക്ക് എത്തിക്കുന്നു.
ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് കൊറിയർ വഴി ഗുളികകൾ എത്തുന്നത്. കൂടാതെ ചില ഓൺലൈൻ സൈറ്റുകളിൽ ബുക്ക് ചെയ്താലും ലഹരി ഗുളികൾ ലഭിക്കും.
കണ്ണൂരിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കൊറിയർവഴി വന്ന ആയിരത്തോളം ഗുളികകൾ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. പേരോ മേൽവിലാസമോ നൽകാതെ ഫോൺ നന്പർ മാത്രം നൽകിയാണ് പാർസലുകൾ കൊറിയർ സർവീസിൽ നിന്നും ലഹരിമാഫിയ കൈപ്പറ്റുന്നത്.
റൂട്ട് മാറ്റി ലഹരി ഗുളിക മാഫിയ
നിലവിൽ ലഹരിഗണത്തിൽപ്പെടുന്ന നിരോധിത ഗുളികകളായ സ്പാസ്മോ പ്രോക്സിവോൻ, നൈട്ര സെപാം തുടങ്ങിയ ഗുളികകൾ പിടികൂടിയാൽ മാത്രമാണ് കേസെടുക്കാൻ പറ്റുകയുള്ളൂ. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഇത്തരം ഗുളികകൾ കിട്ടുകയുമില്ല.
എന്നാൽ, കേസെടുക്കാൻ പറ്റാത്ത അപസ്മാരം പോലെയുള്ള അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന ഗുളികകളാണ് ഇപ്പോൾ കേരളത്തിലേക്ക് കടത്തുന്നത്. ഇത്തരം, ഗുളികകൾ പിടികൂടിയാൽ തന്നെ കേസെടുക്കുവാൻ പറ്റുകയില്ല.
അതിനാൽ ലഹരി ഗുളിക മാഫിയ പുതിയ തന്ത്രവുമായി കേരളത്തിൽ എത്തിയിരിക്കുകയാണ്. മാർക്കറ്റിൽ സുലഭമായി ലഭിക്കുമെന്നതും വില താരതമ്യേന കുറവാണെന്നതും നിയമപ്രശ്നങ്ങളില്ല എന്നതും ലഹരിഗുളിക ഉപയോഗിക്കുന്നതിന് വ്യാപകമായ കാരണമാകുന്നു.
ഐക്യരാഷ്ട്രസംഘടനയുടെ ഡ്രഗ് കൺട്രോൾ പ്രോഗ്രാം (യുഎൻഡിസിപി) ഇന്ത്യയിൽ നടത്തിയ ഒരു പഠനമനുസരിച്ചു തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സൈക്കോട്രോപിക് ഡ്രഗുകളുടെ
(മാനസികനിലയെ ബാധിക്കുന്ന മരുന്നുകൾ) ദുരുപയോഗം വൻതോതിൽ നടക്കുന്നതായി കണ്ടെത്തിയിരുന്നു. ദിവസം മൂന്നെണ്ണം മുതൽ മണിക്കൂറിൽ മൂന്നു ഗുളിക കഴിക്കുന്നവർവരെ (അതായത് ദിവസം മുപ്പതിലധികം ഗുളിക!) ഇപ്പോഴത്തെ ഡ്രഗ് അഡിക്റ്റുകൾക്കിടയിൽ ഉണ്ടെന്നാണു എക്സൈസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.