ന്യൂഡൽഹി: കഴിഞ്ഞ പത്തു വർഷത്തിനിടെ ബിജെപിയിൽ ചേർന്നത് അഴിമതിയാരോപണം നേരിട്ടുകൊണ്ടിരുന്ന പ്രതിപക്ഷത്തെ 25 പ്രമുഖ നേതാക്കൾ. വിവിധ അഴിമതിയാരോപണങ്ങളുടെ പേരിൽ ഇഡിയും സിബിഐയും അന്വേഷണം നടത്തിവന്നിരുന്ന ഈ നേതാക്കൾ ഭരണകക്ഷിയുടെ ഭാഗമായതോടെ അന്വേഷണത്തിനു പുറത്തായെന്നും പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഈ നേതാക്കളിൽ പത്തുപേർ കോൺഗ്രസിൽനിന്നും നാലുപേർ വീതം എൻസിപിയിൽനിന്നും ശിവസേനയിൽനിന്നും മൂന്നുപേർ തൃണമൂൽ കോൺഗ്രസിൽനിന്നും രണ്ടു പേർ തെലുങ്കുദേശം പാർട്ടിയിൽനിന്നും ഒരാൾ വീതം എസ്പിയിൽനിന്നും വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽനിന്നും ബിജെപിയിൽ എത്തിയവരാണ്.
മറുകണ്ടം ചാടിയതോടെ ഈ 25 നേതാക്കളിൽ മൂന്നു പേർക്കെതിരായ കേസുകൾ അന്വേഷണ ഏജൻസികൾ അവസാനിപ്പിച്ചു. 20 പേരുടെ പേരിലുള്ള അന്വേഷണം മരവിപ്പിച്ചിരിക്കുകയുമാണ്. അഴിമതി ആരോപിച്ച് പ്രതിപക്ഷനേതാക്കളെ നിരന്തരം ആക്ഷേപിക്കുന്ന പ്രധാനമന്ത്രിയും ബിജെപി നേതാക്കളും എന്നാൽ, തങ്ങളുടെ പാർട്ടിയിൽ ചേർന്ന അഴിമതിക്കാരായ നേതാക്കളെക്കുറിച്ച് മൗനം പാലിക്കുകയാണ്.
2014ൽ എൻഡിഎ അധികാരത്തിലെത്തിയതിൽപ്പിന്നെ ഇഡിയും സിബിഐയും നടപടി സ്വീകരിച്ച രാഷ്ട്രീയ നേതാക്കളിൽ 95 ശതമാനം പേരും പ്രതിപക്ഷ നേതാക്കളാണെന്നും റിപ്പോർട്ടിലുണ്ട്. പ്രതിപക്ഷത്തായിരിക്കുമ്പോൾ എന്തു ചെയ്താലും ബിജെപിയിൽ ചേർന്നാൽ അത് ഇല്ലാതാകുന്നുവെന്നും ബിജെപിയുടെയും മോദിയുടെയും ഇരട്ടത്താപ്പാണ് ഇതു വ്യക്തമാക്കുന്നതെന്നും കഴിഞ്ഞദിവസം കോൺഗ്രസ് ആരോപിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരിച്ചിരുന്നപ്പോൾ മുഖം നോക്കാതെയായിരുന്നു അന്വേഷണ ഏജൻസികളുടെ നടപടികൾ.