കൊച്ചി:പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍സൃഷ്ടിക്കെന്ന പേരില്‍ കുറഞ്ഞ സമ്മാനത്തുകയില്‍ ഉയര്‍ന്ന വിലയില്‍ വിറ്റഴിച്ച നവകേരള ലോട്ടറിയില്‍ വന്‍തട്ടിപ്പെന്നു ആക്ഷേപം. സര്‍ക്കാര്‍ പ്രഖ്യാപിച്ചത്ര സമ്മാനം നല്‍കിയില്ലെന്നാണു പരാതി. പരാതി പറയാന്‍ ലോട്ടറി ഓഫിസില്‍ വിളിച്ചവരെ അധിക്ഷേപിച്ചതായും കേസുകൊടുക്കാന്‍ വെല്ലുവിളിച്ചതായും ലോട്ടറിയെടുത്ത കൊച്ചി സ്വദേശി പറയുന്നു.
ഒരു ലക്ഷം രൂപ വീതം പരമാവധി 90 പേര്‍ക്കാണ് ഒന്നാം സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. രണ്ടാം സമ്മാനമായി പരമാവധി 1,00,800 പേര്‍ക്ക് 5,000 രൂപ വീതവും നല്കുമെന്നു പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മൂന്നാം തീയതി നറുക്കെടുപ്പ് എന്നാണു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇത് 10ന് നടത്തിയെന്നാണ് ലോട്ടറി ഓഫിസ് പറയുന്നത്. വെബ്സൈറ്റില്‍ നല്കിയിട്ടുള്ളതു പ്രകാരം ഒക്ടോബര്‍ 15ന് തിരുവനന്തപുരം ബേക്കറി ജംക്ഷനു സമീപം റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. ടിക്കറ്റ് വാങ്ങിയവര്‍ ഫലം നോക്കുമ്പോള്‍ പറഞ്ഞത്ര ടിക്കറ്റുകള്‍ നറുക്കെടുത്തിട്ടില്ലെന്നു വ്യക്തമായതോടെയാണു പരാതിയുമായി ലോട്ടറി വകുപ്പിനെ സമീപിച്ചത്. പരമാവധി എന്ന നിബന്ധന വച്ചിരുന്നു എന്നതു ചൂണ്ടിക്കാട്ടിയാണു പറഞ്ഞതിന്റെ പത്തിലൊന്നു പോലും സമ്മാനം കൊടുക്കാന്‍ തയാറാകാതിരുന്നത്.
ടിക്കറ്റുകള്‍ വിറ്റുപോകാത്തതാണു സമ്മാനം കൊടുക്കാത്തതിന്റെ കാരണമെന്നാണ് ലോട്ടറി ഓഫിസ് പറയുന്നത്. എന്നാല്‍ ഇതു ശരിയല്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍നിന്നു വ്യക്തമാകുന്നത്. നവകേരള സൃഷ്ടിക്കായി 30,00,000 ലോട്ടറി ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 16,17,480 ടിക്കറ്റുകള്‍ വിറ്റുപോയി. ഇതുവഴി 36,10,53,885 രൂപയാണ് ആകെ വില്പന വരുമാനമെന്നാണു പറയുന്നത്. കണക്കു പ്രകാരം 250 രൂപ വച്ചു വിറ്റുപോയ ലോട്ടറിയുടെ ആകെ വില്പന വരുമാനം 40,43,70,000 രൂപയാകേണ്ടിടത്താണിത്. സമ്മാനം ഉള്‍പ്പടെ 19,70,96,534 രൂപ ചെലവായതായി ലോട്ടറി ഓഫിസ് വ്യക്തമാക്കുന്നു.
ഏകദേശം 16.5 കോടി രൂപ ഈയിനത്തില്‍ ലാഭമുണ്ടായിട്ടുണ്ടെന്നു പറയുന്നു. സമ്മാനമായി 10 കോടി രൂപയ്ക്കടുത്തു നല്കിയത്രെ. പക്ഷെ കേരള ലോട്ടറി വെബ്സൈറ്റിലുള്ള കണക്കു പ്രകാരം ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ ഒരാള്‍ക്കും 5000 രൂപ വീതം 112 പേര്‍ക്കും മാത്രമാണു നല്‍കിയിട്ടുള്ളത്. ഇതിനുള്ള ചെലവാകട്ടെ 6,60,000 രൂപ മാത്രം. കമ്മിഷന് ഇനത്തില്‍ 10.10 കോടി രൂപയോളം ചെലവു വരും. പ്രിന്റിങ്, അഡ്മിനിസ്ട്രേറ്റീവ് ചെലവു കഴിച്ചാലും ബാക്കി വലിയൊരു തുക എവിടെ ചെലവഴിച്ചു എന്ന് ലോട്ടറി വകുപ്പ് വിശദീകരിക്കേണ്ടി വരും.
നറുക്കെടുപ്പ് നടക്കുന്നതിന് 13 ദിവസം മുന്‍പ് തിരുവനന്തപുരം ജില്ലയില്‍ മാത്രം നവകേരള ലോട്ടറിയുടെ 20 കോടി രൂപയ്ക്കുള്ള ടിക്കറ്റുകള്‍ വിറ്റതായി അറിയിച്ചിരുന്നു. മറ്റു ജില്ലകളിലും സമാനമായി ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ടെന്നു പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ടു കൂടുതല്‍ ടിക്കറ്റുകള്‍ നറുക്കെടുക്കാന് തയാറായില്ല എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
സാധാരണ ടിക്കറ്റെടുക്കാത്തവര്‍ പോലും ഈ ലോട്ടറി വാങ്ങിയിട്ടുണ്ട്. പതിവ് ഏജന്‍സികള്‍ക്കു പുറമേ നിരവധി താല്‍ക്കാലിക ഏജന്‍സികളും നല്‍കിയാണ് ടിക്കറ്റുകള്‍ വിറ്റഴിച്ചത്. രാഷ്ട്രീയപാര്‍ട്ടികള്‍, സാംസ്കാരിക സംഘങ്ങള്‍. റസിഡന്റ്സ് അസോസിയേഷനുകള്‍, ക്ലബുകള്‍, കോളജ് പിടിഎകള്‍, ലൈബ്രറികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങി നിരവധി സംവിധാനങ്ങളിലൂടെയാണു ടിക്കറ്റുകള്‍ വിറ്റഴിച്ചത്. 25 ശതമാനമാണ് ഏജന്‍സി കമ്മീഷനായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതു കിഴിച്ചാലും വലിയൊരു തുക കണക്കില്‍ വരേണ്ടതാണ്. എന്നാല്‍ ഇതില്‍ എത്രഭാഗം സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുമെന്ന ആശങ്കയും ഉയരുന്നു. എറണാകുളം ചേരാനല്ലൂരില്‍ പ്രളയബാധിതനായ ആള്‍ക്ക് നവകേരള ലോട്ടറിയുടെ സമ്മാനം ലഭിച്ച വിവരം വാര്‍ത്തായിരുന്നു. ഇദ്ദേഹത്തിനു മാത്രമാണ് 1 ലക്ഷം രൂപ സമ്മാനമായി നറുക്കെടുപ്പു ഫലത്തിലുള്ളത്. എന്തായാലും വരും ദിവസങ്ങളില്‍ ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇത് വഴിവെച്ചേക്കുമെന്നു തീര്‍ച്ചയാണ്.