
കോഴിക്കോട്: സംസ്ഥാനത്തെ പോലീസ് കാന്റീനുകളില്‍ നടക്കുന്ന അഴിമതിക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. നിക്ഷിപ്ത താത്പര്യമുള്ള കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് മാത്രം കാന്റീനില്‍ വില്പന നടത്താന്‍ അനുമതി നല്‍കുന്നതായാണ് പുതിയ ആരോപണം.
ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ സഹിതം കോഴിക്കോട് സ്വദേശിയായ വ്യവസായി മുഖ്യമന്ത്രിയ്ക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കും.
അടൂര്‍ സബ്സിഡിയറി പോലീസ് കാന്റീന് നടത്തിപ്പില്‍ ലക്ഷങ്ങളുടെ ക്രമക്കേടുണ്ടെന്ന് വ്യക്തമാക്കി കെഎപി മൂന്നാംബറ്റാലിയന്‍ കമാന്‍ഡന്റ് ജെ.ജയനാഥ് ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തായതിന് പിന്നാലെയാണ് കൂടുതല്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പരസ്യമാവുന്നത്.
കാന്റീനില്‍ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് ആദ്യം പ്രത്യേക അപേക്ഷകള്‍ സമര്‍പ്പിക്കണം. വിവിധ ബ്രാന്‍ഡുകള്‍ക്ക് ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
കമ്പനിയുടെ ഉത്പന്നത്തിന്റെ വിറ്റുവരവുള്പ്പെടെയുള്ള വിശദവിവരങ്ങള്‍ ആദ്യം സമര്‍പ്പിക്കണം. എവിടെയെല്ലാം ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നതിന്റെ വിവരങ്ങളും സമര്‍പ്പിക്കണം. ഒരു ജില്ലയിലെ തന്നെ രണ്ടു കടകളുടെ വിവരങ്ങള്‍ നല്‍കണം.
ഇതുപ്രകാരം അപേക്ഷ സമര്‍പ്പിക്കുന്ന കമ്പനിയുടെ ഉത്പന്നങ്ങളെ കുറിച്ച് സ്പെഷല്‍ബ്രാഞ്ച് അന്വേഷിക്കും . തുടര്‍ന്ന് കമ്പനി അധികൃതര്‍ക്ക് പോലീസ് കാന്റീന് കമ്മിറ്റി നേരിട്ട് ഹാജരാകാന്‍ അനുമതി നല്‍കും.
ഇത്തരത്തില്‍ പോലീസുകാരുടെ അന്വേഷണം പൂര്‍ത്തിയായി ഉത്പന്നം മികച്ചതാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ആ ഉത്പന്നം പിന്നീട് വേണ്ടെന്ന് വച്ചുവെന്നാണ് പുതിയ ആരോപണം.
ലോക്ക്ഡൗണിന് ശേഷമായിരുന്നു തിരുവനന്തപുരത്തെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലുള്ള കാന്റീന് കമ്മിറ്റി കോഴിക്കോട് സ്വദേശിയായ വ്യവസായിയോട് നേരിട്ടെത്താന്‍ ആവശ്യപ്പെട്ടത്.
ഇപ്രകാരം എത്തിയ വ്യവസായിയോട് യാതൊരു വിവരവും ചോദിക്കാതെ തിരിച്ചയക്കുകയായിരുന്നു.
രേഖകളില്‍ സുതാര്യമായ നടപടി ക്രമങ്ങളിലൂടെയാണ് കാന്റീനില്‍ വില്‍പ്പന നടത്തുന്ന ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കുന്നതെന്ന് തെളിവുണ്ടാക്കാനാണ് ഇത്തരത്തില്‍ കമ്പനി അധികൃതരെ നേരിട്ട് വിളിക്കുന്നതെന്നാണ് പറയുന്നത്.
കമ്മിറ്റിയംഗങ്ങള്‍ക്ക് വിമാന ടിക്കറ്റുകള്‍ വരെ ചില കമ്പനിക്കാര് എടുത്തു നല്‍കുന്നുണ്ടെന്നുമാണ് പരാതിക്കാര്‍ക്ക് ലഭിച്ച വിവരം. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയാണ് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കാനൊരുങ്ങുന്നത്.
പോലീസുകാരനും ഇര
സംസ്ഥാനത്തെ പോലീസ് കാന്റീന് അഴിമതിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായതിന് പിന്നാലെ ദുരനുഭവം പങ്കുവച്ച് പോലീസുകാരന്.
കോട്ടയം സ്വദേശിയായ പോലീസുകാരനാണ് തട്ടിപ്പിനിരയായ വിവരം വെളിപ്പെടുത്തിയത്. ഇത് പോലീസിന്റെ ഗ്രൂപ്പുകളില്‍ വൈറലാണ്.
“ഇത്രയുമൊക്കെ വാര്‍ത്ത പുറത്തുവന്ന സ്ഥിതിക്ക് എനിക്കുണ്ടായ ഒരു അനുഭവം പങ്കു വയ്ക്കട്ടെ.
അല്പം വ്യായാമം ചെയ്യാം എന്നൊരു തോന്നല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഒരു സൈക്കിള്‍(ഹര്ക്കുലീസ് പഴയ മോഡല്‍) വാങ്ങുവാന്‍ തീരുമാനിച്ചു. കോട്ടയം സിപിസിയില്‍ അന്വേഷിച്ചപ്പോള്‍ ന്യൂജന്‍ സൈക്കിള്‍ മാത്രമേ ഉള്ളൂ.
ആലപ്പുഴ സിപിസിയില്‍ സൈക്കിള്‍ ഉള്ളതായി വിവരം കിട്ടി. ഫോണ്‍ ചെയ്തപ്പോള്‍ ഒരെണ്ണം സ്റ്റോക്ക് ള്ളതായി അറിഞ്ഞു. തൊട്ടടുത്ത ദിവസം നെതര്‍ലാന്റ് പ്രധാനമന്ത്രി വരുന്നതിന്റെ ഡ്യൂട്ടിയുണ്ട് ആലപ്പുഴയില്‍.
സിപിസിയില്‍ ചെന്ന് സൈക്കിള്‍ വാങ്ങി. 3800 രൂപയോളം ആയി സിപിസി വില. സൈക്കിള്‍ കൈയ്യില്‍ കിട്ടിയപ്പോള്‍ സീറ്റ് ഒടിഞ്ഞതാണ്. സൈക്കിളിന്റെ രൂപം മാത്രം. ബാക്കിയൊക്കെ എക്സ്ട്രാ ഫിറ്റിംഗ് ആണ്.
അപ്പോള്‍ തന്നെ ഒരു സ്റ്റാഫ് കൊണ്ടു പോയി സീറ്റ് മാറ്റി തന്നു.
കോട്ടയം ശര്‍മ സൈക്കിള്സില് വന്ന് എക്സ്ട്രാ ഫിറ്റിംഗെല്ലാം ചെയ്തു കഴിഞ്ഞപ്പോള്‍ 5300 രൂപയായി.
ഈ സൈക്കിള്‍ എവിടെ നിന്ന് വാങ്ങിയതാണെന്ന് ഈ കടയിലെ ജീവനക്കാരന് ചോദിച്ചു. ആലപ്പുഴ പോലീസ് കാന്റീനില്‍ എന്ന് പറഞ്ഞു. അപ്പോള്‍ അകത്തു നിന്നും ഹര്ക്കുലിസ് കമ്പനിയുടെ തന്നെ മറ്റൊരു പുത്തന്‍ സൈക്കിള്‍ എടുത്തു കൊണ്ടുവന്നു.
താരതമ്യം നടത്തിയപ്പോള്‍ ടയര്‍, ചെയിന്കവര് , ടയറിന്റെ ഗാര്‍ഡ് എന്നിവയ്ക്ക് പ്രകടമായ വ്യത്യാസം. എന്റെ സൈക്കിളിന്റെ മേല്‍ പറഞ്ഞ പാര്‍ട്ട്സുകള്‍ ക്വാളിറ്റി കുറഞ്ഞതാണെന്ന് ജീവനക്കാരന് പറഞ്ഞു.
ടയര്‍ ഡ്യൂപ്ലിക്കേറ്റ് ആണെങ്കില്‍ ട്യൂബും ആയിരിക്കും. അങ്ങനെ ആകെ മൊത്തം നോക്കിയപ്പോള്‍ ? എനിക്ക് നഷ്ടബോധം തോന്നി. ഇതുപോലെ എത്ര എത്ര അനുഭവസ്ഥര്‍ ? പലപ്പോഴും പുറത്തു പറയാത്തത് പിന്നീടുണ്ടാകാവുന്ന ദുരനുഭവം ഓര്‍ത്തിട്ടാണ്.
പിന്നെ നമ്മുടെ ഒരു സംരംഭം ആണല്ലോ എന്ന ചിന്തയും. ഒരു കാര്യം ഉറപ്പ്. കോട്ടയം സിപിസിയെ ബാലാരിഷ്ടയില് നിന്നും ഉയര്‍ത്തിയവര്‍ ഇന്ന് ചിത്രത്തിലേ ഇല്ല.
പോലീസ് കാന്റീന് എന്നതില്‍ നിന്നും മാറി വെറും ഒരു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന രീതിയില്‍ കാണുവാനേ എനിക്ക് സാധിക്കൂ. ഓരോ തവണ സിപിസിയുടെ ഉള്ളില്‍ കയറുമ്പോഴും ഫാന്റം മനോജ്, ബിജു, മാത്യൂ, അജിത്, രഞ്ജിത്ത് എന്നീ ആദ്യകാല ജീവനക്കാരുടെ വിയര്‍പ്പിന്റെ ഗന്ധം മാറാതെ നില്ക്കുന്നു. എന്ത് ചെയ്യാം? നമ്മുടെ സ്ഥാപനം എന്നതില്‍ നിന്നും കേവലം തസ്തികകള്‍ക്കു മാത്രമുള്ള താല്‍ക്കാലിക ലാവണം എന്നതിലേക്ക് മാറിയാല്‍ പറയേണ്ടതുണ്ടോ??