കാസര്‍ഗോഡ്: കെ ഫോണ്‍ പദ്ധതിയിലും വ്യാപക അഴിമതിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഭാരത് ഇലക്ട്രോണിക്സിന് എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടിനല്കിയെന്ന് സതീശന് പറഞ്ഞു.
1038 കോടിയുടെ പദ്ധതി അനുവദിച്ചത് 1548 കോടി രൂപയ്ക്കാണ്. യഥാര്‍ഥ എസ്റ്റിമേറ്റിനേക്കാള്‍ 520 കോടി രൂപയാണ് അധികമായി വന്നത്.
സര്‍ക്കാര്‍ കരാറുകളില്‍ 10 ശതമാനത്തിലധികം കൂടുതൽ കൊടുക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചു. എസ്റ്റിമേറ്റ് തുക കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കരാര്‍ നല്‍കിയത് എം. ശിവശങ്കറാണെന്നും സതീശന് ആരോപിച്ചു.
20 ലക്ഷം മലയാളികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം കൊടുക്കുക എന്നതായിരുന്നു 2017ല്‍ ആരംഭിച്ച പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ ഇത് 14000 പേര്‍ക്ക് മാത്രം കണക്ഷന് കൊടുക്കാവുന്ന പദ്ധതിയായി പിന്നീട് ചുരുക്കി.
ആറ് വർഷം കഴിഞ്ഞിട്ടും പദ്ധതി വിജയിച്ചില്ലെന്നും സതീശൻ വിമർശിച്ചു.കെ ഫോണിന്റെ ടെന്‍ഡര്‍ നടപടികളിലും ഒത്തുകളിയുണ്ടെന്ന് സതീശന് ആരോപിച്ചു.
ഭാരത് ഇലക്ട്രോണിക്സ് എസ്ആര്‍ഐടി കമ്പനിയ്ക്കാണ് കരാര്‍ നല്‍കിയത്. എസ്ആര്‍ഐടി അശോക് ബില്ക്കോണിന് ഉപകരാര്‍ നല്കി.
ഇവര്‍ ഉപകരാര്‍ നല്‍കിയത് മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പ്രസാദിയ കമ്പനിക്കാണ്. എല്ലാ കരാറുകളും പ്രസാദിയയ്ക്ക് എങ്ങനെയാണ് ലഭിക്കുന്നു എന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശന് ആവശ്യപ്പെട്ടു.