വടകര: കോഷൻ ഡെപ്പോസിറ്റ് തുക മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് എൻജിനിയറിംഗ് വിദ്യാർഥികൾ മാതൃകയായി. കോഴ്സിനു ശേഷം തിരിച്ചു കിട്ടാൻ ആഗ്രഹിക്കുന്ന തുകയാണ് വിദ്യാർഥികൾ രാഷ്ട്ര പുനർനിർമാണത്തിനായി നീക്കിവച്ചത്.
മണിയൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് എൻജിനിയറിംഗ് വടകരയിലെ 2014-18 ബാച്ചിലെ എഞ്ചിനിയറിങ് വിദ്യാർഥികളാണ് സമൂഹത്തിനാകെ അഭിമാനമായ സേവനം കാഴ്ചവച്ചത്. 3.90 ലക്ഷം രൂപയുടെ ചെക്ക് കോളജ് പ്രിൻസിപ്പൽ പ്രഫ. എൻ.കെ.നാരായണൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
കേരളം കണ്ടതിൽ ഏറ്റവും വലിയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായതിൽ സന്തോഷമേ ഉള്ളുവെന്ന് കോളജിലെ മുൻ യൂണിയൻ ചെയർമാൻ എസ്. അഖിൽ, മുൻ യുയുസി. അർജുൻ നന്പീശൻ എന്നിവർ പറഞ്ഞു.