തലശേരി: വടകര മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സിപിഎം വിമതന് സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പോലീസിനു നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ആറോളം പേർ ഗൂഢാലോചനയിൽ ഉൾപ്പെട്ടതായാണു പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.
പൊട്ടി സന്തോഷിന്റെ ഫോണിലേക്കു സിപിഎം തലശേരി ഏരിയാ ഓഫീസ് മുൻ സെക്രട്ടറിയായിരുന്ന രാജേഷ് 17 തവണ വിളിച്ചതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഉദ്യോഗസ്ഥരെ നീക്കുന്നത്. നേരത്തേ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റാൻ നീക്കം നടന്നപ്പഴുണ്ടായ പ്രതിഷേധത്തെ തുടർന്നു നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഉറപ്പു നല്‍കിയിരുന്നു.
തലശേരി സിഐ വി.കെ. വിശ്വംഭരൻ, എസ്ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണു നിലവിൽ കേസ് അന്വേഷിക്കുന്നത്. സിഐ വിശ്വംഭരൻ നായരെ കാസർഗോഡ് ക്രൈംബ്രാഞ്ചിലേക്കും എസ്ഐ ഹരീഷിനെ പേരാമ്പ്രയിലേക്കുമാണു സ്ഥലം മാറ്റിയത്. കോഴിക്കോട് ജില്ലയിലെ എടച്ചേരി സിഐ സനലിനെയാണു പകരം തലശേരിയിൽ സിഐയായി മാറ്റി നിയമിച്ചിട്ടുള്ളത്. ബിനു മോഹനൻ തലശേരി പ്രിൻസിപ്പൽ എസ്ഐയായി ചുമതലയേൽക്കും.
സി.ഒ.ടി.നസീറിനെ ആക്രമിച്ച കേസിൽ ഗൂഢാലോചനയിൽ പങ്കാളിയായ പൊന്ന്യം കുണ്ടുചിറ കൃഷ്ണാലയത്തിൽ വി.പി.സന്തോഷ് എന്ന പൊട്ടി സന്തോഷിനെ (30) പോലീസ് ചോദ്യംചെയ്തു തുടങ്ങിയതോടെയാണ് അന്വേഷണസംഘത്തിനു നിർണായക വിവരങ്ങൾ ലഭിച്ചത്.
ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ് തലശേരി കായ്യത്ത് റോഡ് സൗപർണികയിൽ എം.പി. സുമേഷിനെ (47) വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൊട്ടി സന്തോഷിനെ 10 വർഷം കഠിനതടവിനും 30,000 രൂപ പിഴയടക്കാനും പ്രിൻസിപ്പൽ അസി.സെഷൻസ് കോടതി കഴിഞ്ഞദിവസം ശിക്ഷിച്ചിരുന്നു. ഇതേ തുടർന്നു ജയിലിലായിരുന്ന സന്തോഷിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
മേയ് 18 ന് രാത്രി എട്ടോടെ തലശേരി കയ്യത്ത് റോഡിൽ വച്ചാണ് സി.ഒ.ടി നസീർ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കൈയ്ക്കു തലയ്ക്കും വയറിനുമാണു വെട്ടേറ്റത്. തന്നെ ആക്രമിച്ചതിനു പിന്നിൽ എ.എൻ. ഷംസീർ എംഎൽയ്ക്കു പങ്കുണ്ടെന്നു നസീർ നേരത്തേ തന്നെ പരാതിപ്പെട്ടിരുന്നു.
ഹൈക്കോടതിയെ സമീപിക്കും: സി.ഒ.ടി. നസീർ
തലശേരി: കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി കേസന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതിനാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്നു സി.ഒ.ടി. നസീർ. അക്രമം നടത്തിയവരെ മാത്രം പിടിച്ചാൽ പോര. ഗൂഢാലോചന നടത്തിയവരേയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം.
അതിനുവേണ്ടി നിയമപരമായ രീതിയിൽ മുന്നോട്ടുപോകും. ഉന്നതരെ രക്ഷിക്കാനാണു നിലവിലെ ശ്രമം. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിലൂടെ ലംഘിച്ചിട്ടുള്ളത്. അന്വേഷണം ഗൂഢാലോചനക്കാരിലേക്ക് എത്തിനിൽക്കേ ഉദ്യോഗസ്ഥരെ മാറ്റിയതു സംശയാസ്പദമാണ്. പ്രധാനികളായവർ അറസ്റ്റിലാവുന്നത് തടയാനാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.