തലശേരി: വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സിപിഎം മുൻ നേതാവും മുൻ നഗരസഭ കൗൺസിലറുമായിരുന്ന സി.ഒ.ടി നസീറിനെ (40) വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം സി പിഎമ്മിലേക്ക്.തലശേരി നഗരസഭ പ്രദേശത്തേയും തൊട്ടടുത്ത പഞ്ചായത്തിലേയും രണ്ട് പ്രാദേശീക ഘടകങ്ങളിലുള്ള ആറ് പേരാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
രണ്ട് പ്രാദേശീക ഘടകങ്ങളിലേയും നേതാക്കൾ പോലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിൽ ഉൾപ്പെട്ട ആറു പേരുയെ പോലീസ് തിരിച്ചറിഞ്ഞു. മൂന്നു പേർ ഓപ്പറേഷനിൽ പങ്കെടുത്തവരും മറ്റു മൂന്നു പേർ ആസൂത്രകരുമാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. അക്രമി സംഘത്തിലെ രണ്ട് പേർ മറ്റു ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ റെയ്ഡിൽ ചിലർ പിടിയിലായിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഇവരിൽ രണ്ട് പേരുടെ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്നാണ് സൂചന. ഇതിനിടെ നസീറിനെ വധിക്കാൻ ഇതിനു മുന്പു ശ്രമം നടന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 17നായിരുന്നു ആദ്യ വധശ്രമം നടന്നത്. അന്നേ ദിവസം കായ്യത്ത് റോഡിൽ വ്യാപാര പ്രമുഖൻ മരണപ്പെട്ടതിനെ തുടർന്നായിരുന്നു 17ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
അന്ന് രാത്രി 12 വരെ നസീർ മരിച്ച വ്യാപാര പ്രമുഖന്റെ വീട്ടിലും പള്ളിയിലുമായിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ തൊട്ടടുത്ത ദിവസം 18ന് രാത്രിയാണ് അക്രമി സംഘം കായ്യത്ത് റോഡിൽ വച്ച് നസീറിനെ ആക്രമിച്ചത്. ഒ.വി റോഡിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് സുഹൃത്തിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നസീറിനെ ബൈക്കിൽ പിന്തുടർന്ന സംഘം കായ്യത്ത് റോഡിൽ വച്ചു തടഞ്ഞു നിർത്തി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.
ഇരു കൈകൾക്കും തലയക്കുമായിരുന്നു നസീറിനു വെട്ടേറ്റത്. തുടർന്ന് അക്രമി സംഘം ഗുഡ് ഷെഡ് റോഡ് ,കുയ്യാലി വഴി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് രക്ഷപെടുകയായിരുന്നു. ഓപ്പറേഷനു ശേഷം നാടുവിട്ട പ്രതികളിൽ ചിലരെ ആസൂത്രിത നീക്കത്തിലൂടെയാണ് പോലീസ് വലയിലാക്കിയത്.