തലശേരി:വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാർഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതിനിടയിൽ നസീർ വധശ്രമത്തിനു പിന്നിൽ എ.എൻ. ഷംസീർ എംഎൽഎ ആണെന്ന് സി.ഒ.ടി നസീർ ചാനലുകളിൽ ഉൾപ്പെടെ തുറന്ന് പറഞ്ഞതോടെ കേസ് കൂടുതൽ ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ അന്വേഷണ സംഘത്തിന് ഉന്നത ഉദ്യാഗസ്ഥർ നിർദ്ദേശം നൽകി.
ഇതു വരെയുള്ള അന്വേഷണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ അന്വേഷണ സംഘത്തിന് പോലീസ് ആസ്ഥാനത്തു നിന്നും ഇതിനകം നിർദ്ദേശം ലഭിച്ചു കഴിഞ്ഞു. സിബിഐ അന്വേഷണമാവശ്യപ്പെട്ട് നസീർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങിയ സാഹചര്യം കൂടി കണക്കിലെടുത്താണ് കേസ് സംബന്ധിച്ച വിശദമായ റിപ്പോർട്ട് പോലീസ് ആസ്ഥാനത്തു നിന്നും ആവശ്യപ്പെട്ടിട്ടുള്ളതെന്ന് അറിയുന്നത്.
കേസിലെ മുഖ്യ പ്രതിയായ കൊളശേരിയിലെ റോഷൻ ബാബുവിന് ഒളിവിൽ കഴിയാൻ സഹായം ചെയ്ത കുറ്റത്തിനാണ് തമിഴ്നാട് ധർമപുരി ഹുസൂറിൽ ബേക്കറി ഉടമയായ കൊളശേരി ബിശ്വാസ് നിവാസിൽ ബിശ്വാസി (25) നെ സി ഐ വി.കെ. വിശ്വംഭരൻ, എസ് ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ റോഷൻ ഒരാഴ്ചയോളം ബിശ്വാസിന്റെ മുറിയിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.തമിഴ്നാട്ടിൽ നിന്നും തലശേരിയിലെത്തിച്ച ബിശ്വാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നംഗ സംഘത്തിലെ പ്രധാനിയാണ് റോഷനെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ റോഷനെ പിന്തുടർന്ന പോലീസ് സംഘം റോഷനു സമീപമെത്താൻ രണ്ട് മണിക്കൂർ മാത്രം ബാക്കി നിൽക്കെയാണ് തമിഴ്നാട്ടിലെ ഒളി കേന്ദ്രത്തിൽ നിന്നും റോഷൻ രക്ഷപ്പെട്ടത്.തല നാരിഴക്ക് റോഷൻ രക്ഷപെട്ടത് അന്വേഷണ സംഘത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇതിനിടയിൽ തന്നെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ എ.എൻ. ഷംസീർ എംഎൽഎയ്ക്കു പങ്കുണ്ടെന്ന് നസീർ കഴിഞ്ഞ ദിവസം ഒരു ചാനലിലാണ് തുറന്ന് പറഞ്ഞത്.
അതു വരെ ഉന്നതനായ ജനപ്രതിനിധി എന്നു മാത്രമാണ് നസീർ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. നിയുക്ത കണ്ണൂർ എംപി കെ.സുധാകരൻ ഉൾപ്പെടെയുള്ള നിരവധി നേതാക്കളാണ് നസീറിനെ ഇതിനകം സന്ദർശിച്ചത്. കോൺഗ്രസ് -ബിജെപി നേതാക്കളും സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്.നിലവില്‍ അക്രമി സംഘത്തിലെ അംഗങ്ങളായ മൂന്ന് പേരുള്‍പ്പെടെ എട്ട് പ്രതികളെയാണ് പോലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്.
ഇവരില്‍ എരഞ്ഞോളി പൊന്ന്യത്തെ അശ്വന്ത് (20)കൊളശേരി കളരിമുക്കിലെ കുന്നിലേരി മീത്തല്‍ സോജിത്ത്(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാൻഡിലാണുള്ളത്. ഈ കേസില്‍ ഇനി ആറ് പേരാണ് പിടിയിലാകാനുള്ളത്. ഇവരില്‍ മൂന്ന് കൊലക്കേസ് പ്രതികളും ഉള്‍പ്പെടുന്നുണ്ട്.
മേയ്18 ന് രാത്രിയാണ് നസീറിനെ നേരെ കായ്യത്ത് റോഡില്‍ വെച്ച് വധശ്രമമുണ്ടായത്.വയറിനും കൈയ്ക്കും തലക്കും ഗുരുതരമായി പരിക്കേറ്റ നസീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ മാസം 24 ന് വൈകുന്നരമാണ് കായ്യത്ത് റോഡിലെ വീട്ടില്‍ തിരിച്ചെത്തിയത്. അക്രമത്തെ തുടര്‍ന്ന് നസീറിന്റെ വലതു കൈയിലെ ഒരു വിരലിന്റെ ചലന ശേഷി നഷ്ടപ്പെട്ടിരുന്നു.