തലശേരി:സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന നാല് പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയ മട്ടന്നൂര്‍, ഉരുവച്ചാല്‍ സ്വദേശികളായ മൂന്ന് പേരെ ടൗണ്‍ സിഐ വിശ്വംഭരന് നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
വധശ്രമക്കേസിലെ മുഖ്യ സൂത്രധാരനായ കുണ്ടുചിറ സ്വദേശി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മൂവര്‍ സംഘം വീടുകളില്‍ ഒളിത്താവളമൊരുക്കിയത്. ഏതാനും ദിവസം ഇവരുടെ കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ പോലീസ് എത്തുമ്പോഴേക്കും രക്ഷപെടുകയായിരുന്നു.
ഇതിനിടയില്‍ സിഐക്ക് വധ ഭീഷണി അടങ്ങിയ കത്തെഴുതിയത് കണ്ണൂരില്‍ നിന്നാണെന്നും സി.ഒ.ടി കേസ് ലൈവായി നിലനിര്‍ത്തുന്നതിന് ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി നടത്തിയ നീക്കമാണ് കത്തിനു പിന്നിലെന്നും പോലീസിന് സൂചന ലഭിച്ചു. കത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വധഭീഷണി അടങ്ങിയ കത്ത് സിഐക്ക് ഓഫീസില്‍ പോസ്റ്റലായി എത്തിയത്.
കോടതി ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട കേസിലെ മുഖ്യപ്രതികളായ കതിരൂര്‍ വേറ്റുമ്മല്‍ കൊയിറ്റി ഹൗസില്‍ ശ്രീജിന്‍ (26), കൊളശേരി ശ്രീലക്ഷ്മി ക്വാട്ടേഴ്സില്‍ റോഷന് (26) എന്നിവരെ ഇന്ന് പോലീസ് കോടതിയില്‍ ഹാജരാക്കി. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലുള്‍പ്പെടെ ഏഴ് ദിവസത്തെ വിശദമായ തെളിവെടുപ്പിന് ശേഷമാണ് പ്രതികളെ കോടതിയിലെത്തിച്ചത്. രണ്ട് പ്രതികളില്‍ നിന്നും വിലപ്പെട്ട വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.