തലശേരി: സി.ഒ.ടി നസീര്‍ വധശ്രക്കേസിന്റെ മുഖ്യ സൂത്രധാരന്‍ പൊന്ന്യം കുണ്ടുചിറ സ്വദേശിയാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആര്‍എസ്എസ് നേതാവിനെ നഗരമധ്യത്തില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ വ്യക്തിയാണ് നസീറിനെ വെട്ടിക്കൊലപ്പെടുത്താനുള്ള ഓപ്പറേഷന് രൂപം നല്‍കിയതെന്നാണ് അന്വേഷണ സംഘത്തിന് ഒടുവില്‍ ലഭിച്ചിട്ടുള്ള വിവരം.
ഉന്നതങ്ങളില്‍ നിന്നും ഉത്തരവ് ലഭിക്കാതെ ഇയാള്‍ ഓപ്പറേഷന് മുതിരില്ലെന്നാണ് ഇയാളുമായി അടുത്ത കേന്ദ്രങ്ങളില്‍ നിന്നും പോലീസിന് ലഭിച്ച വിവരം. അതുകൊണ്ട് തന്നെ കുണ്ടുചിറ സ്വദേശിക്ക് ഓപ്പറേഷന് നിര്‍ദ്ദേശം നല്‍കിയതാര് എന്ന ചോദ്യത്തിനും ഉത്തരം തേടുകയാണ് അന്വേഷണ സംഘം.
ഇതിനിടയില്‍ നാടിനെ ഞെട്ടിച്ചു കൊണ്ട് നസീറിന് നേരെ നടന്ന വധശ്രമത്തിന്റെ വീഡിയോ നവ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. നഗരമധ്യത്തിലെ റോഡിലിട്ട് നസീറിനെ വെട്ടുന്ന വീഡിയോ ആയിരക്കണക്കിന് ആളുകളാണ് ഇതിനകം നവ മാധ്യമങ്ങളിലൂടെ കണ്ട് കഴിഞ്ഞിട്ടുള്ളത്.ഈ ക്രൂരതക്കെതിരെ വ്യാപകമായ പ്രതികരണവും നാടിന്റെ നാനാ ഭാഗത്തുനിന്നും എത്തുന്നുമുണ്ട്.
ഇതിനിടയില്‍ കേസില്‍ ശാസ്ത്രീയമായ അന്വേഷണവുമായിട്ടാണ് പോലീസ് മുന്നോട്ട് പോകുന്നത്. ബൈക്കിലേയും സംഭവ സ്ഥലത്തേയും രക്ത സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നാടകീയമായി കോടതിയില്‍ കീഴടങ്ങിയ കേസിലെ മുഖ്യപ്രതികളായ കതിരൂര്‍ വേറ്റുമ്മല്‍ കൊയിറ്റി ഹൗസില്‍ ശ്രീജിന്‍ (26), കൊളശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്സില്‍ റോഷന് (26) എന്നിവരെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പോലീസ് കോടതിയില്‍ ഇന്ന് ഹർജി നല്‍കും.
ഇവരെ ചോദ്യം ചെയ്യുന്നതോടെ കേസിന്റെ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി നിയോഗിച്ച രണ്ടംഗസംഘം കഴിഞ്ഞ ദിവസം ജില്ലാ കമ്മറ്റി ഓഫീസില്‍ നടത്തിയ തെളിവെടുപ്പില്‍ വിലപ്പെട്ട വിവരങ്ങളാണ് നേതൃത്വത്തിന് ലഭിച്ചിട്ടുള്ളത്. തന്നെ വധിക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടേയും സന്തത സഹചാരിയായ എ.എന്‍ ഷംസീര്‍ എംഎല്‍എ യാണെന്ന് നസീര്‍ തുറന്ന് പറഞ്ഞതോടെ സംഭവം കൂടുതല്‍ വിവാദത്തിലേക്ക് കടന്നിരിക്കുകയാണ്.
ഇതിനിടയില്‍ യുവ നേതാവിന്റെ അടുത്ത അനുയായിയും സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവും തലശേരിയിലെ പ്രാദേശിക നേതാവുമായ വ്യക്തിക്കെതിരെ സാമ്പത്തിക ക്രമക്കടിനെ തുടര്‍ന്ന് പാര്‍ട്ടി നടപടിയെടുത്തതും സജീവ ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ നേതാവിനെ പാര്‍ട്ടിയില്‍നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുള്ളത്.
പി.ഹരീന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് ഈ നേതാവിന്റെ വിഷയത്തില്‍ തലശേരിയിലെത്തി തെളിവെടുപ്പ് നടത്തിയത്. ഹരീന്ദ്രനുള്പ്പെടെയുള്ള രണ്ടംഗ സംഘമാണ് ഇപ്പോള്‍ നസീര്‍ വധക്കേസില്‍ പാര്‍ട്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
അന്വേഷണ സംഘത്തിലെ സിഐയേയും എസ്ഐ യേയും സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. സിഐ വിശ്വംഭരന് നായരെ കാസര്‍ഗോഡ് ജില്ലയിലേക്കും എസ്ഐ ഹരീഷിനെ കോഴിക്കോട് റൂറലിലേക്കുമാണ് മാറ്റിയിട്ടുള്ളത്. ഇരുവരും ഇതുവരെ ചുമതല ഒഴിഞ്ഞിട്ടില്ല. പുതുതായി നിയമിതനായി സിഐ സനല്‍കുമാര്‍ ഇതുവരെ ചുമതലയേല്‍ക്കാന്‍ എത്തിയിട്ടുമില്ല.
എഎസ്പിയേയും അടുത്ത ദിവസം മാറ്റുമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ നാട്ടില്‍ പാര്‍ട്ടി പ്രാദേശിക നേതാവിനെ പിടിക്കാന്‍ വീടിന്റെ ഓടിളക്കിയിറങ്ങിയെന്ന ആരോപണം എഎസ്പിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നസീര്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഭവത്തെകുറിച്ച് പ്രാദേശിക നേതൃത്വത്തോട് വിശദീകരണം തേടിയിരുന്നു.