തലശേരി: സി.ഒ.ടി.നസീര്‍ വധശ്രമക്കേസില്‍ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ മുഖ്യപ്രതികളെ അന്വേഷണസംഘം ചോദ്യം ചെയ്തു തുടങ്ങി. കോടതിയില്‍ നാടകീയമായി കീഴടങ്ങിയ ഓപ്പറേഷന് ടീമിലെ അംഗങ്ങളെന്ന് പോലീസ് കരുതുന്ന കതിരൂര്‍ വേറ്റുമ്മല്‍ കൊയിറ്റി ഹൗസില്‍ ശ്രീജിന്‍ (26), കൊളശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്സില്‍ റോഷന്(26) എന്നിവരെയാണ് സിഐ വിശ്വംഭരന് നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്യുന്നത്.
തങ്ങള്‍ക്ക് നസീറിനോട് വ്യക്തി വിരേധമില്ലെന്നും കുണ്ടുചിറ സ്വദേശിയുടെ നിര്‍ദേശപ്രകാരമാണ് വധിക്കാന്‍ ശ്രമിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെയാണ് രണ്ടു പ്രതികളെയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.ഇതിനിടയില്‍ തലശേരി എഎസ്പി ഡോ.അരവിന്ദ് സുകുമാറിനെ സ്ഥലം മാറ്റി കൊണ്ട് ഇന്നലെ രാത്രിയില്‍ ഉത്തരവിറങ്ങി.
ഡിവൈഎസ്പി മാരുടെ സ്ഥാലം മാറ്റത്തോടൊപ്പമാണ് എഎസ്പിയെയും മാറ്റിയിട്ടുള്ളത്. കണ്ണൂര്‍ ഡിവൈഎസ്പി കെ.വി.വേണുഗോപാലിനെയാണ് തലശേരി സബ് ഡിവിഷണില്‍ നിയമിച്ചിട്ടുള്ളത്. എഎസ്പിക്ക് പകരം നിയമനം നല്‍കിയിട്ടുമില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നാട്ടിലെ ഒരു കേസില്‍ പ്രതിയായ സിപിഎം പ്രാദേശിക നേതാവിനെ പിടികൂടാന്‍ പോയ എഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നേതാവിന്റെ വീടിന്റെ ഓടിളക്കി പ്രതിയെ പിടിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
നസീര്‍ വധശ്രമക്കേസിലെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനിടയിലാണ് എഎസ്പിയെ സ്ഥലം മാറ്റിയിട്ടുള്ളത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥരായ സിഐ വിശ്വംഭരന് നായര്‍, എസ്ഐ ഹരീഷ് എന്നിവരുടെ സ്ഥലംമാറ്റം മരവിപ്പിച്ചിരുന്നു. മാത്രവുമല്ല അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുകയും ചെയ്തു.
ഇന്നലെ രാവിലെയാണ് ഇരുവരും ചുമതല ഒഴിയരുതെന്ന നിര്‍ദേശം എത്തിയത്. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന വിപിന്‍ എന്ന ബ്രിട്ടോ, ജിത്തു, മിഥുന് എന്നിവര്‍ അഡ്വ.ഷാനവാസ് മുഖേന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹർജി ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.