കണ്ണൂർ: തലശേരി എംഎൽഎ എ.എൻ. ഷംസീറിനെതിരേ ഗുരുതര ആരോപണവുമായി വധശ്രമത്തിനിരയായ വിമത നേതാവ് സി.ഒ.ടി. നസീർ. തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതു ഷംസീറാണെന്ന് നസീർ ആരോപിച്ചു.
ഷംസീറിനെതിരെ മൊഴി നൽകിയിട്ടും പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന പി. ജയരാജനെ പ്രതിക്കൂട്ടിലാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും നസീർ ആരോപിച്ചു. ഷംസീറിനെതിരെ പല തവണ പോലീസിനു മൊഴി നൽകിയെങ്കിലും, കേസ് അട്ടിമറിക്കാനാണു പോലീസ് ശ്രമിച്ചതെന്നും നസീർ കുറ്റപ്പെടുത്തി.
മേയ് 18-ന് രാത്രിയാണ് നസീറിനുനേരേ വധശ്രമമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ തലശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുവച്ച് നസീറിനു വെട്ടേൽക്കുകയായിരുന്നു. ആയുധങ്ങളുമായി ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് നസീറിനെ ആക്രമിച്ചത്. നസീറിനെ ആദ്യം തലശേരി ജനറൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തലശേരിയിലെ ഉന്നതനായ ജനപ്രതിനിധിയും രണ്ട് പ്രാദേശിക നേതാക്കളുമാണ് തന്നെ വധിക്കാൻ ശ്രമിച്ചതിനു പിന്നിലെന്ന് നസീർ നേരത്തെ ആരോപിച്ചിരുന്നു. ജനപ്രതിനിധിയുടെ പേര് നസീർ പറഞ്ഞിരുന്നില്ല.